ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മൌനനൊമ്പരം


                                     സാധാരണ ഓഫീസില്‍ നിന്നും ആദ്യം ഇറങ്ങുന്നത് താനായിരിക്കും. അല്‍പ്പം നേരത്തേയിറങ്ങിയാല്‍ കിട്ടുന്ന ബസ്സില്‍ക്കേറി പാസഞ്ചര്‍ ട്രെയിന്‍  കിട്ടിയാല്‍ രാവേറെയാകും മുന്‍പ് വീടു പിടിക്കാം. ഭാര്യക്കാണേല്‍ സന്ധ്യയായാല്‍ പേടിയാണ്. കൂട്ടിനുള്ളത് അവളുടെ കണ്ണിനു കാഴ്ച കുറഞ്ഞ അമ്മയും. അഥവാ എപ്പോഴെങ്കിലും ട്രെയിനൊന്നു കിട്ടാതെ വന്നാല്‍ വീട്ടിലെത്തുമ്പോള്‍ രാത്രി നന്നേ ഇരുട്ടിയിട്ടുണ്ടാവും. തന്നേയും കാത്തുള്ള ഇരുപ്പും കൂടെക്കഴിക്കാനുള്ള പിടിവാശിയും എല്ലാം കൂടി ശകാരത്തിന്‍റെ രൂപത്തിലാവും പുറത്ത് വരിക. അതിങ്ങനെ തോരാതെ ചാറ്റല്‍ മഴപോലെ നീളും.  അതു പേടിച്ചു വഴിമധ്യേ കാണുന്ന സുഹൃത്തുക്കളോടു കുശലം പറയാന്‍ പോലും നില്‍ക്കാറില്ല. ബാഗുമെടുത്ത് ബസ്സ്റ്റോപ്പിലെത്തിയപ്പോഴാണ് ഒരു ഞടുക്കത്തോടെ ഓര്‍ത്തത് ഇന്നല്ലേ അവള്‍ ചെക്കപ്പിനു പോകുന്ന ദിവസം. അത് കഴിഞ്ഞെത്തുന്ന ദിവസം പലപ്പോഴും വഴക്കും ബഹളവും ആയിരിക്കും. പറച്ചില്‍ കേട്ടാല്‍ തോന്നും താന്‍ മനപ്പൂര്‍വ്വം കുട്ടികള്‍ ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നെന്ന്‍. അവളോളം തീവ്രത അക്കാര്യത്തില്‍ താന്‍ പ്രകടിപ്പിക്കാറില്ല, അതവളെ ദുഖിപ്പിക്കുമെന്നു   കരുതി.
                 
                                 വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. ആദ്യമാദ്യം ഉടനെ കുട്ടികള്‍ വേണ്ടെന്ന നിലപാടായിരുന്നു തങ്ങളുടേത്. കുറെക്കഴിഞ്ഞപ്പോള്‍ അവള്‍ അതേച്ചൊല്ലി വേവലാതിപ്പെട്ടപ്പോള്‍ 'ദൈവം നിശ്ചയിക്കുമ്പോള്‍ കിട്ടുമെന്ന്' താനുമവളെ ആശ്വസിപ്പിച്ചു. അമ്പലങ്ങളിലും മറ്റു ആരാധനാലയങ്ങളിലും നേര്‍ച്ച വഴിപാടുകള്‍ കഴിച്ചു. ഒടുവില്‍ ഓഫീസിലെ സംസാരമധ്യേ സുഹൃത്തുക്കളില്‍ ചിലര്‍ ഉപദേശിച്ചു,
           
                           ''ഈ ശാസ്ത്രയുഗത്തിലും നിങ്ങളെപ്പോലുള്ളവര്‍ ഈ അന്ധവിശ്വാസങ്ങളില്‍ പെടാതെ രണ്ടാളും കൂടി ഒരു വന്ധ്യതാ ചെക്കപ്പ് നടത്തണം. നിസ്സാര ചികിത്സകൊണ്ട് ചിലപ്പോളത് പരിഹരിച്ചേക്കാം. സമയം ഇനി വൈകിക്കരുത്.'
       
               
                           ആ അഭിപ്രായം തനിക്കും സ്വീകാര്യമായിരുന്നു. അങ്ങനെ പട്ടണത്തില്‍ ദമ്പതിമാര്‍ നടത്തുന്ന ക്ളിനിക്കില്‍ പോകാമെന്ന് മനസ്സില്‍ക്കരുതി. വീട്ടിലെത്തി അവളോടതു പറഞ്ഞപ്പോള്‍ ആദ്യമൊരു വിമുഖത കാട്ടി. അകലെ ഒരു ആശ്രമത്തിലെ സന്യാസി മന്ത്രിച്ചു കൊടുക്കുന്ന ഏലസ്സ് രണ്ടാളും കെട്ടിയാല്‍ ഉടനെ കുട്ടികള്‍ ഉണ്ടാവുമെന്ന് ആരോ അവളോട്‌ പറഞ്ഞുവത്രേ. അതിനും താനൊരു മറുപടികൊടുത്തു 'അതും നടക്കട്ടെ കൂടെ ഈ പരിശോധനയും നടക്കട്ടെ'. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണവള്‍ വന്നത്. വിദഗ്ധമായ പരിശോധന വേണ്ടിവരുമെന്നും അതിനു മനസ്സും ക്ഷമയും വേണമെന്നും ഡോക്റ്റര്‍ പറഞ്ഞു. ആദ്യപടിയായി രണ്ടു ദിവസം ഭാര്യയെ അവിടെ കിടത്തി ചില പരിശോധനകള്‍ക്ക് വിധേയമാക്കണം. ഫലത്തിന്‍റെ വെളിച്ചത്തില്‍ ചികിത്സ തുടങ്ങാം.
           

                             ജോലിക്കാര്‍ കുറവായ റവന്യൂ ഓഫീസിലെ തിരക്കുമൂലം അവളോടൊത്ത് നില്‍ക്കാന്‍  കഴിഞ്ഞില്ല പകരം തന്‍റെ സഹോദരി കൂട്ടിന്നു വന്നു. അവളാണേല്‍ കടന്നല്‍ കുത്തിയ മുഖവുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ വിഷമമാണ് തോന്നിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതൊരു പെണ്ണും തന്‍റെ ഭര്‍ത്താവിന്‍റെ സാമീപ്യം കൊതിക്കും. മനപ്പൂര്‍വ്വമല്ലെങ്കിലും പരിഭവം കാണുമ്പോള്‍ വിഷമം. പിന്നീടുള്ള പല ചെക്കപ്പുകള്‍ക്കും അവള്‍ ചേച്ചിയെക്കൂട്ടിയാണ് പോയത്. പോയി വരുന്ന ദിവസം തന്നോടൊന്നും മിണ്ടില്ല. ആഹാരം വിളമ്പിത്തരാനോ കൂടെക്കഴിയ്ക്കാനോ വരില്ല. അവള്‍ കരയുകയാ ണെന്നു തൊട്ടടുത്ത്‌ കിടക്കുന്ന തനിക്കറിയാം. ഒന്ന് സാന്ത്വനിപ്പിക്കാമെന്നു കരുതിയാല്‍ ഒരു പൊട്ടിത്തെറിയാവും ഫലം. അതിനാല്‍ അതുമില്ല നിശ്ശബ്ദം കിടക്കും.
         

                     ഇക്കുറി കാര്യം കുറേക്കൂടി ഗൌരവമാര്‍ന്നതാണ്. ഇന്ന് താനും ഒപ്പം ചെല്ലണമെന്ന് ഡോക്റ്റര്‍ നിര്‍ബന്ധമായും പറഞ്ഞിരിക്കുന്നു. പോകാന്‍ മനസ്സുകൊണ്ട് തെയ്യാറെടുത്തതുമാണ്. അപ്പോഴാണ് രാത്രിയില്‍ കലക്റ്ററുടെ വിളി വന്നത്. നാളത്തെ മന്ത്രിസഭയില്‍ വെക്കാനുള്ള ഒരു ഫയല്‍ അടിയന്തിരമായി അദ്ദേഹത്തിന്‍റെ ഓഫീസില്‍ രാവിലെ എത്തിക്കണമെന്നു. എല്ലാ കുറ്റങ്ങളും തീര്‍ത്തു വേണമല്ലോ സര്‍ക്കാരിന്‍റെ മേശപ്പുറത്തു ഫയല്‍ വെക്കാന്‍. അതിനാല്‍ രാവിലെ നേരത്തെ എണീറ്റ്‌ ഉച്ചയ്ക്കു മുന്‍പ് തിരിച്ചെത്താമെന്നവളോട് പറഞ്ഞിട്ടാണ് പോന്നത്. ഓരോ പേപ്പറും പരിശോധിക്കുമ്പോഴും സമയം നീളുമ്പോഴും അവളുടെ അസ്വസ്ഥമായ മുഖവും ദ്വേഷ്യവുമാണ് മനസ്സാകെ നിറഞ്ഞു നിന്നത്. തിരക്കുമൂലം എല്ലാം മറന്നു. ഊണും കൊണ്ട് വരാഞ്ഞതിനാല്‍ കഴിച്ചത് ശരിയായില്ല. എല്ലാം കഴിഞ്ഞു തിരികെ ഓഫീസിലെത്തിയപ്പോഴാണ് ചെല്ലാമെന്നേറ്റ കാര്യം ഓര്‍ത്തതു തന്നെ. ഇന്ന് ആരെയാണാവോ കണികണ്ടത് ഇന്നു വീട്ടില്‍ ചെന്നാലത്തെ സ്ഥിതി ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു ആന്തല്‍ .
                       

                                    വണ്ടി കേറും മുന്‍പ് കാന്‍റീനില്‍ നിന്നും ദോശയും വടയും ചായയും കഴിക്കാറുണ്ട്. ഇന്നു മനസ്സിന്‍റെ വേവലാതികള്‍ മൂലം ഒന്നും തരപ്പെട്ടില്ല. അടുത്തു വരുന്ന  ട്രെയിനാണേല്‍ ഒരു മണിക്കൂര്‍ വൈകിയേ എത്തൂ. എല്ലാം കൂടിയാലോചിച്ചപ്പോള്‍ ആകെ ക്ഷമ നശിച്ചവനെപ്പോലെ സിമന്‍റു ബെഞ്ചില്‍ തളര്‍ന്നിരുന്നു. ബാഗിലവശേഷിച്ച വെള്ളവും കുടിച്ചയാള്‍  ആള്‍ക്കൂട്ടത്തെ നോക്കിയിരുന്നു. എല്ലാറ്റില്‍ നിന്നുമൊരു ശാന്തതക്കായി മനസ്സാഗ്രഹിച്ചു.
           

                              സാധാരണയില്‍ക്കവിഞ്ഞു ചെന്ന് കേറുമ്പോള്‍ അവള്‍ വാതുക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. തന്നെ കണ്ടപാടെ തുലാവര്‍ഷത്തെ മഴപോലെ ഇടിയും വെട്ടി തകര്‍ത്തു പെയ്യാന്‍ തുടങ്ങി. പെയ്തൊഴിയട്ടേയെന്നു താനും കരുതി. സംസാരം മുറുകിയപ്പോള്‍ തന്‍റെ അലച്ചിലും വേവലാതിയും അവളും മനസ്സിലാക്കുന്നില്ലല്ലോ എന്നൊരു സങ്കടം തനിക്കും. വിശപ്പിനേക്കാളും ദാഹത്തേക്കാളും വലുതായിരുന്നു അവള്‍ ഒടുവില്‍ പറഞ്ഞ വാക്കുകള്‍ ‍. ചികിത്സയില്‍ അവള്‍ക്കു കുഴപ്പമൊന്നുമില്ല. അവളുടെ കുടുംബത്തില്‍ ആരും പ്രസവിക്കാത്തവരുമില്ല. കുട്ടികള്‍ ഉണ്ടാകാത്തത് തന്‍റെ കഴിവില്ലായ്മ എന്നൊരു ധ്വനി ആ വാക്കുകളിലുടനീളം ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ അമ്മയും തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. ഒരു പുരുഷന്‍റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്ന സംസാരം നീണ്ടപ്പോള്‍ പതിയെ മുറ്റത്തേക്കിറങ്ങി.
             

                            അപ്പോഴാണ്‌ മിന്നായം പോലെ താന്‍ ജീവിതത്തില്‍ നിന്നും മറന്നുകളഞ്ഞ ഒരു അദ്ധ്യായം തുറന്നു വന്നത്. യൌവ്വനത്തിന്‍റെ ചാപല്യത്തില്‍ പറ്റിപ്പോയ പിഴവിനെ പറ്റി. തന്നെക്കാള്‍ മുതിര്‍ന്ന, കെട്ടുപ്രായം കഴിഞ്ഞ വാല്യക്കാരിയോടു തോന്നിയ കമ്പം. പല രാത്രികളിലും അവരുമായി നിലാവെളിച്ചത്തില്‍ ഇരുന്നിട്ടുണ്ട്. ഒടുവിലവര്‍ ഗര്‍ഭിണിയാണെന്നു മനസ്സിലായപ്പോള്‍ കുടുംബത്തിന്‍റെ മാനം പോകുമെന്നതിനാല്‍ തന്നെ അമ്മ  ബോംബേയ്ക്കു നാടുകടത്തി. അവരെ കുറെ പണം കൊടുത്തു ഒത്തു തീര്‍പ്പാക്കിയിരിക്കാം. താനന്നു ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഒടുവില്‍ പഠിത്തം കഴിഞ്ഞു വല്യച്ഛന്‍റെ മരണത്തിനാണ് രണ്ടു കൊല്ലം കൂടി നാട്ടില്‍ വന്നത്. വേലിയരുകില്‍ അവര്‍ ഒക്കത്തൊരു കൊച്ചുമായി നില്‍ക്കുന്നു. തന്‍റെ ഉള്ളാകെ പതറി. അടിമുടി വിറച്ചു. കാണാതിരിക്കാന്‍ ശ്രമിച്ചു. അന്ന് വൈകുന്നേരം ഗ്രന്ഥശാലയില്‍ വെച്ചു കണ്ട തന്‍റെ ബാല്യകാല സുഹൃത്തു പറഞ്ഞു
         

                  ''എടാ അവന്‍ നിന്നെപ്പോലെ തന്നെ. നിന്‍റെ കവിളത്തെ മറുകും നിറവുമെല്ലാം അവനുമുണ്ട്. കൊച്ചുകള്ളന്‍ പണി പറ്റിച്ചല്ലോ.'' കേട്ടുനിന്നതല്ലാതെ ഒന്നുംമിണ്ടിയില്ല .
         

               പിന്നീട് ജോലികിട്ടി, വിവാഹം, അതെല്ലാം മുറപോലെ നടന്നു. ആ കഥകളൊന്നും പിന്നീടോര്‍ത്തതുമില്ല. കഴിഞ്ഞ വര്‍ഷം ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ശബരിമലയില്‍ പോയി. അവിടെ വെച്ചുകണ്ട പഴയ സുഹൃത്ത് പറഞ്ഞു.
              ''എടാ അവനിപ്പോള്‍ വളര്‍ന്നു. ഒറ്റനോട്ടത്തില്‍  കണ്ണു പൊട്ടനും പറയും നിന്‍റെ മോനാണെന്നു. അവനാ ദാരിദ്ര്യത്തില്‍ വളരേണ്ടവനാണോ? നിന്‍റെ ചോരയല്ലേ? നിനക്കോ കുട്ടികളില്ല. അവനെ ഏറ്റെടുത്തു നല്ല വിദ്യാഭ്യാസം കൊടുക്കണം. അല്ലേല്‍ നീയി മലചവുട്ടുന്നതില്‍ ഫലമില്ല. ശാസ്താവ് നിന്നോട് പൊറുക്കില്ല." ഒന്നും മറുപടി പറയാതെ തിരിഞ്ഞു നടക്കാനേ കഴിഞ്ഞുള്ളൂ. ശാസ്താവ് തന്നെ ശപിച്ചുണ്ടാവുമോ?
             
                   അതെ, നിലാവെളിച്ചത്തില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ താന്‍ മാത്രം ചെയ്തു പോയ പാപത്തിന്‍റെ വിഴുപ്പും പേറി നിസ്സഹായനായി നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ കേള്‍ക്കത്തക്കവിധം വിളിച്ചു പറയണമെന്നുണ്ട്, ''ഞാന്‍ വന്ധ്യനല്ല എനിക്കുമുണ്ടൊരു മോന്‍, എന്‍റെ രൂപത്തിലൊരു മോന്‍''. ആശ മാത്രം നെഞ്ചിന്‍ കൂടിലൊതുക്കി ആദ്യമായി അവനെയോര്‍ത്തു മനസ്സു തേങ്ങി.

0 comments:

Post a Comment

Adz