റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു ,യാത്ര പോകുന്നവരെ യാത്രയാക്കാന്‍ എത്തുന്ന ബന്ധുക്കളും അവരുടെ വ്യത്യസ്തമായ മുഖഭാവങ്ങളും ശ്രദ്ധിച്ചുകൊണ്ടാവള്‍ സിമന്റു ബഞ്ചില്‍ ഇരുന്നു ,കൈവീശി യാത്രപറയുന്ന പ്രിയപെട്ടവരുടെ വേര്‍പാടില്‍ കണ്ണീരൊഴുക്കി നോക്കി നില്‍ക്കുന്നവര്‍ ,ഭാവിയില്‍ പ്രത്രീക്ഷ അര്‍പ്പിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കുന്നവരും. ഇടയില്‍ തന്റെ ദൈന്യത മറ്റുള്ളവര്‍ കാണാതിരിക്കാന്‍ സാരിത്തലപ്പുകൊണ്ട് മുഖം മറച്ചിരുന്നു .കൂടെ വന്ന ഭര്‍ത്താവ് അകലെ നിന്ന് സഹപ്രവര്‍ത്തകയുടെ ബന്ധുവായ ചെറുപ്പക്കാരിയുമായി കത്തി വെക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി ,യാത്ര പോകുന്ന വണ്ടിയുടെ സമയമൊന്നും തനിക്കു അറിയില്ല ,എന്താണാവോ ഇത്രയ്ക്കു ഗൌരവമായി പറയാനുള്ളത് ,പിന്നെ സ്ത്രീ വിഷയത്തില്‍ അദ്ദേഹത്തിനിത്തിരി താല്പര്യകൂടുതല്‍ ഉള്ളതുംഓര്‍ത്തു പോയി . തന്റ്റെ മടിയിലേക്ക് ഒരു ലേഖനമിട്ടുകൊണ്ട് മന്ദസ്മിതത്തോടെ കടന്നു പോയ പാസ്റ്റ്റെ ശ്രദ്ധിച്ചുകൊണ്ട് ലേഖനം തുറന്നപ്പോള്‍ തലക്കെട്ട് വാചകം ഉള്ളിലുടക്കി
''നീ മരിച്ചാല്‍ നിന്റെ നിത്യത എവിടെയാണ് '
ശരിയാണ് അനിചിതമായി ഓടിയെത്തുന്ന മരണം ,അതിനെവിടെയാണ് നിത്യത കിട്ടുക .ഇതുവരെ ചിന്തിക്കാത്ത ഓര്‍മ്മിക്കാത്ത വിഷയത്തിലേക്ക് ഒരു നിമിഷം തള്ളി വിട്ട ആ ലേഖനം വായിച്ചു കൊണ്ടിരിക്കെ തന്നെ തങ്ങള്ക്ക് പോകേണ്ടുന്ന വണ്ടിയുടെ അനൌണ്സ്മെന്റ്റ് ഉണ്ടായി. സംസാരം മതിയാക്കി എത്തിയ ഭര്‍ത്താവിന്റെ മുഖത്തെ നിര്‍വികാരത ഇപ്പോള്‍ തന്നെ വേദനിപ്പിക്കുന്നില്ല, ദിവസങ്ങളായി അനുഭവിച്ചത് ശീലമായി ,വിദ്യാസമ്പന്നയും സുന്ദരിയുമായ തന്നെ വിവാഹം കഴിച്ചിട്ടും മറ്റു സ്ത്രീകളുമായുള്ള അടുപ്പവും ഇടപഴകലും ഒട്ടും കുറയ്ക്കാത്ത അയാളുമായി ഒരിക്കലും മുഴുവനായി ഇണങ്ങിചെരാന്‍ കഴിഞ്ഞതില്ല . തറവാട്ടിലെ വിശേഷ ദിവസങ്ങളില്‍ ഭര്‍ത്താവ് മൊത്ത് ചെല്ലുന്നത് ആദ്യമാദ്യം വലിയ ഹരമായിരുന്നു രണ്ടാള്‍ക്കും .സുന്ദരനും വലിയ ഉദ്യോഗസ്തനുമായ ഭര്‍ത്താവ്, എല്ലാവരും അസൂയയോടെ നോക്കുന്നു എന്ന വിശ്വാസത്തിനു വിരാമമിട്ടത് കുഞ്ഞമ്മാവന്റെ മകളുടെ കല്യാണത്തിനു പോയപ്പോഴാണ് അകത്തളത്തില്‍ അടക്കിപിടിച്ചു സംസാരിക്കുന്ന കുഞ്ഞമ്മാവന്റെ മകള്‍ രമണിയുടെ വാക്കുകള്‍ ആയിരുന്നു
''ഭാമേച്ചിയുടെ ഭര്‍ത്താവ് ആളൊരു പഞ്ചാരയാ എവിടെ ചെന്നാലും പുള്ളി പെണ്ണുങ്ങളുടെ നടുവിലുണ്ടാകും കിന്നാരം പറഞ്ഞു പ്രായമോ കാലമോ ഒന്നും നോട്ടമില്ല ,പാവം ഭാമേച്ചി ഇതുവല്ലതുമറിയുന്നുണ്ടോ?
തറവാട്ടിലേക്കുള്ള വിശേഷങ്ങള്‍ക്കായുള്ള യാത്ര ഏതാണ്ട് അവിടെ അവസാനിച്ചു .തനിക്കു അറപ്പായിരുന്നു പിന്നീട് ഒരുമിച്ചു പോകാന്‍ ,ചടങ്ങുകള്‍ക്ക് കെട്ടി എഴുന്നള്ളിച്ചു കൊണ്ട്പോകലിന് ഭംഗം നേരിട്ടതില്‍ തന്നോടല്‍പ്പം ഈര്‍ ഷ്യത ഉണ്ടായിരുന്നെങ്കിലും കാരണം തിരക്കിയില്ല .ബന്ധുക്കള്‍ പലരും പരാതി പറഞ്ഞുവെങ്കിലും എല്ലാവരും പറയുന്ന ഔ ഒഴുക്കന്‍ മറുപടിയില്‍ താനും അഭയം തേടി.
'അദ്ദേഹത്തിനു വലിയ ജോലിത്തിരക്കാ'
കെട്ടുകളുമായി ആളുകള്‍ ട്രെയിനിന്റെ തലങ്ങും വിലങ്ങും ഓടുന്നു ,യാത്ര തീര്‍ന്നവരെ ഇറങ്ങാന്‍ കൂടി അനുവദിക്കാതെ തിരക്ക് കൂട്ടുന്നവര്‍ ,അതിനിടയില്‍ വേവലാതിയോടെ താനും. തള്ളാനും തിക്കാനുമൊന്നുമുള്ള ആരോഗ്യസ്ഥിതിയിലല്ല താനിപ്പോള്‍ ,എങ്കിലും വേഗത്തിലെത്താന്‍ നടത്തക്ക് വേഗത കൂട്ടി ,
'' തിടുക്കം കൂട്ടേണ്ടാ നമുക്ക് സീറ്റ് റിസേര്‍വ് ചെയ്തിട്ടുള്ളതാണ് പതിയെ കേറിക്കോളൂ ''അയാള്‍ കൈനീട്ടി തന്നെ പിടിച്ചു വണ്ടിക്കകത്തേക്ക് കയറ്റി.
വണ്ടിനീങ്ങി തുടങ്ങുമ്പോഴാണ് മനസ്സില്‍ ഓര്‍ത്തത് ,തന്റെ സ്നേഹതീരം വിട്ടു പോകയാണ് താന്‍ ,ഇനിയീതീരത്തണയാന്‍ തനിക്കാകുമോ?,,ഇനിയൊരു മടക്കയാത്ര ഉണ്ടോ? ഈ തീരത്തെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നുവോ? ഒലിച്ചിറങ്ങുന്ന കണ്ണ്നീര്‍ ആരും കാണാതെ കൈലേസുകൊണ്ട് തുടക്കുമ്പോള്‍ തങ്ങളുടെ സീറ്റ് കണ്ടെത്തി അതിന്മ്മേല്‍ ഷീറ്റ് വിരിച്ചു ഭര്‍ത്താവ് തന്റെ അരികിലേക്ക് വന്നു.
''ക്ഷീണം തോന്നുന്നുവെങ്കില്‍ കിടന്നോളൂ'' ക്ഷീണമില്ലെങ്കിലും മനസിന്റെ വേദനയാല്‍ പെയ്തിറങ്ങുന്ന കണ്ണീര്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ , അനുസരണയുള്ള കുട്ടിയെപോലെ വശം തിരിഞ്ഞു കേറിക്കിടന്നു ..
ഉറക്കം വന്നില്ല ,ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും കയറി ഇറങ്ങുന്നവരുടെ ഒച്ചയും ബഹളവും കാപ്പി ചായക്കാരുടെ നീട്ടിയുള്ള വിളിയും കേട്ട് ഓരോന്നോര്‍ത്തു കിടന്നു .
പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം ,നല്ല കുടുംബവും വിദ്യാഭ്യാസവും ജോല്ലിയുമുള്ള സുമുഖന്‍ തന്റെ മകള്‍ക്ക് ഇതിനേക്കാള്‍ അനുയോജ്യമായത് കിട്ടില്ലായെന്ന വിശ്വാസത്തില്‍ അച്ഛനെ തിടുക്കത്തില്‍ വിവാഹം നടത്തി ,പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ അയാളുടെ ചില സ്ഥാനത്തും അസ്ഥാനത്തുമായുള്ള ചോദ്യങ്ങള്‍ ഇഷ്ട്ടപെട്ടില്ല, നാട്ടുമ്പുറത്ത്കാരിയായ തനിക്കയാളോട് മറുത്തൊരു വാക്ക് പറയാന്‍ കഴിഞ്ഞില്ല വിവാഹ ശേഷം തന്റെ സാമിപ്യത്തില്‍ പോലും മറ്റു സ്ത്രീകളോടുള്ള അടുപ്പവും ചിലരോടുള്ള അതിരുവിട്ട സംസാരവും പെരുമാറ്റവും തന്നെ ഒട്ടേറെ വിഷമിപ്പിച്ചിരുന്നു ,പുറത്തേക്ക് പോയി തിരികെയെത്തുന്നത് പിണങ്ങിയാവും.അയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ താനൊരു സംശയ രോഗിയായി മുദ്രകുത്തപെട്ടു. തുടക്കത്തില്‍ തോന്നിയ അസ്വാരസ്യങ്ങള്‍ വെറുപ്പോ വിദ്വേഷമോ ഒക്കെയായി രൂപപെട്ടു. ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ത്വജിക്കാന്‍ അയാള്‍ ഒരിക്കലും തെയ്യാറല്ലായിരുന്നു . 'തനിക്ക് വേണേല്‍ കഴിക്കാം വിശപ്പുള്ളവര്‍ കഴിക്കണം' അതായിരുന്നു അയാളുടെ ഭാഷ്യം എന്തായാലും അയാളുടെ ഒരു കുട്ടിയെ പ്രസവിക്കാനും നിയോഗം .എന്നിട്ടും മനസ്സിലല്‍പ്പം പോലും സ്നേഹമില്ലാതെയുള്ള ഈ സഹയാത്ര തനിക്കു വളരെ വിരസതയുണ്ടാക്കി പലപ്പോഴും മനസ്സുകൊണ്ടൊരു വിവാഹ മോചനം താന്‍ ആഗ്രഹിച്ചിരുന്നു ,വീട്ടിലെത്തുമ്പോഴെല്ലാം മാതാപിതാക്കളോട് പറയാനും മടിച്ചില്ല ,കുട്ടിയുടെ ഭാവിയെക്കരുതി ക്ഷമിക്കണമെന്ന സാന്ത്വനം കേട്ട് നിരാശയോടെ മടങ്ങി പിന്നീട് ആ വഴിയും താന്‍ തന്നെ അടച്ചു. വായനയിലേക്ക് തിരിഞ്ഞത് അവിചാരിതമായി ,അത് പക്ഷെ വലിയ ആശ്വാസമായിരുന്നു താനും ,പ്രശസ്തരായ പല എഴുത്തുകാരുടെയും രചകളെ വായിച്ചും വ്യത്യസ്തമായ ജീവിതാനുഭാവഗളിലൂടെ കടന്നു പോയപ്പോഴും ഹൃദയത്തില്‍ ഉണ്ടായിരുന്ന ശൂന്യതയും നിരാശയും മാഞ്ഞു തുടങ്ങിയിരുന്നു. കൂടെ കുറേശ്ശെ എഴുതാനും തുടങ്ങി മറ്റുള്ളവരെ കാണിക്കാന്‍ ഒരല്‍പം സങ്കോചം ഉള്ളതിനാല്‍ അവയെല്ലാം തന്നോടൊപ്പം കടലാസില്‍ ശയ്യക്കടിയിലുറങ്ങി.
രാത്രി ഏറെയും വൈകി വായന തുടരുന്നതിനാല്‍ പെട്ടെന്ന് കണ്ണിനു കാഴ്ച മങ്ങിയത് പോലെയും കഠിനമായ തലവേദനയും അനുഭവപെട്ടു ,തങ്ങള്‍ക്കിടയില്‍ സംസാരം വളരെക്കുറവായാതിനാല്‍ ഡോക്റ്ററെ കാണാന്‍ പോയതും ടെസ്റ്റുകള്‍ നടത്തിയതും ഒറ്റക്കായിരുന്നു , വേദനസംഹാരികള്‍ കഴിച്ചിട്ടും കുറയാത്തതിനാല്‍ ടെസ്റ്റുകള്‍ നടത്തിയ ഫലവുമായി ചെല്ലുമ്പോള്‍ കൂടെ ഭര്‍ത്താവും വരണമെന്ന ഡോക്റ്ററുടെ നിര്‍ബന്ധത്തിനു അദ്ദേ ഹം താല്പര്യമില്ലെങ്കിലും കൂടെ വന്നു.
''മുടിഞ്ഞ വായന കണ്ടപ്പഴേ തോന്നിയതാ നമുക്ക് പണിയാകുമെന്നു''
പക്ഷെ ഡോക്റ്ററെ കണ്ടു മടങ്ങുമ്പോള്‍ തേങ്ങുന്ന തന്റെ ഹൃദയത്തിനു സാന്ത്വനമാകാന്‍ ഒന്നും മിണ്ടാതെ മൂകനായിരൂനു അയാള്‍. തന്റെ ചിന്തക്കും കാഴ്ചക്കും ഓര്‍മ്മക്കുമൊക്കെ തടയിട്ടുകൊണ്ട് തലച്ചോറില്‍ ട്യൂമര്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നു ചികിത്സിക്കാന്‍ അമന്തിച്ചാല്‍ അപകടമാകുന്ന തരത്തിലെക്കതു വ്യാപിച്ചിരിക്കുന്നു ,മൂകമായി തേങ്ങുന്ന തന്നെ ഒരു നോട്ടത്താലോ സ്പര്‍ഷത്താലോ അയാള്‍ സമാധനിപ്പിക്കുമെന്നു ആശിച്ചു ,,
ഡോക്റ്ററുടെ മുന്നില്‍ വിഷമവും സഹതാപവും നടിച്ചിരുന്നയാള്‍ വീടിലെത്തിയതും ഭാവം മാറി തന്റെമാതാപിതാക്കളും താനും കൂടി ചേര്‍ന്ന് വിവാഹത്തിനു മുന്‍പ്ണ്ടാടായിരുന്ന രോഗം മറച്ചു വെച്ച് അയാളെ ചതിക്കുകയയിരുന്നുവെന്നു പറഞ്ഞു, കേട്ട് കിടന്നു കരയാനല്ലാതെ തനിക്കൊന്നുമാവില്ലായിരുന്നു .താന്‍ അനുഭവിക്കുന്ന വേദനയും അതിന്റെ കാഠിന്യത്താലുള്ള മനോവ്യഥയും മനസിലാക്കാതെയുള്ള സമീപനം അയാളെ പറ്റിയുള്ള തന്റെ ഹൃദയത്തില്‍ അവശേഷിച്ച സ്നേഹത്തിന്റെ കണികയും അറ്റു . അന്നുമുതല്‍ ഒരകല്‍ച്ചയും മൂകതയും വീട്ടില്‍ അരങ്ങേറി ,പെട്ടെന്നാണ് അയാള്‍ വീട്ടില്‍ ചില ക്രമീകരങ്ങള്‍ വരുത്തിയത് ,ആര്‍ക്കു വേണ്ടിയാണോ താന്‍ ഇതുവരെ അയാളുമായുള്ള ഇഷ്ട്ടമില്ലാത്ത ജീവിതം തുടര്‍ന്നത് , അതെ തന്റെ മകനെ തന്നില്‍ നിന്നും അകറ്റി ദൂരെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു തനിക്കതില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുകൂടി അവന്റെ ഭാവിയില്‍ തന്നെക്കാള്‍ കൂടുതല്‍ പ്രതീക്ഷയുള്ളതിനാല്‍ ആണ് എന്ന് പറഞ്ഞു ,അമ്മയുടെ സൂക്കേടും വിഷമതകളും കണ്ടും കെട്ടും കുട്ടിയുടെ പഠനത്തിനു കോട്ടം സംഭവിക്കരുതെന്ന അച്ഛന്റെ ഉത്തരവാദിത്വം നിഴലിക്കും വാക്കുകള്‍ കൊണ്ട് കീഴടക്കി
''ചീപ് സെന്റിമെന്റ്സിന്റെ പേരില്‍ സ്പോയില്‍ ചെയ്യാനുള്ളതല്ല എന്റെ കുട്ടിയുടെ ഭാവി'' നീയും അതിന്റെ ഗൌരവം ഉള്‍കൊള്ളണം''
പിന്നീടൊന്നും പറഞ്ഞിട്ട് കാര്യമില്ല കുട്ടിയോട് എന്ത് പറഞ്ഞുവെന്നറിയില്ല അവനു തന്നെക്കാണ്ന്നതും അടുത്ത് വരുന്നതും എന്തോ ഭയം ഉള്ളതുപോലെ കുഞ്ഞുകാര്യങ്ങള്‍ക്ക് പോലും ശാട്യംപിടിക്കുന്ന കുട്ടി വളരെ മൌനിയായി പോയത് പോലെ ,,പിന്നെപ്പോഴോ അവന്‍ വന്നു യാത്ര പറഞ്ഞു ,അവന്റെ വേര്‍പാടും തന്റെ രോഗത്തിനു ആക്കം കൂട്ടിയോഎന്തോ പിന്നീടുള്ള രാപകലുകള്‍ മൂര്‍ചിച്ച രോഗവും ഏകാന്തതയും കൂട്ടുകാരായി. കണ്ണിന്റെകാഴ്ച മങ്ങിയത് മൂലം എഴുതാനും വായിക്കാനും കഴിയാത്ത അവസ്ഥ മുഴുവന്‍ നേരവും മുറിയിലെ ഇരുട്ടില്‍ അഭയം തേടി ,അയാള്‍ തന്റെ ബന്ധുക്കളെ അറിയിക്കാന്‍ കൂട്ടാക്കിയില്ല താനും ആരെയും ഒന്നുമറിയിച്ചില്ല ,അച്ഛന്‍ മരിച്ചു , സഹോദരന്മാര്‍ ഓരോ തിരക്കിലും അവരുടെ തണലില്‍ കഴിയുന്ന നിസ്സഹയായ തന്റെ അമ്മയ്ക്ക് താനൊരു ബാദ്ധ്യത ആവരുതെന്നും കരുതി ആരോടും ഒന്നും പറഞ്ഞില്ല.രോഗം കലശലാണെന്നും തനിക്കു റീജിയണല്‍ ക്യാന്‍സര്‍ സെന്റ്റില്‍ പോകണമെന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒരു ദിവസത്തെ ലീവെടുത്ത് വന്നതാണ് ഇന്നത്തെ ഈ യാത്രയുടെ ലക്‌ഷ്യം.
ഇടയ്ക്കു ഒരു മയക്കത്തിന് ശേഷം ഉണര്‍ന്നപ്പോള്‍ ആരൊക്കെയോ ഇടയില്‍ കയറി തിക്കും തിരക്കുമായെന്നു തോന്നുന്നു അയാള്‍ തന്റെ സീറ്റിന്റെ ഓരം ചേര്‍ന്നിരിക്കുന്നു ,അയാളുടെ ഇരിപ്പിടത്തില്‍ വൃദ്ധ ദമ്പതികളും കൂടെ ഒരു യുവതിയും പിന്നെ അവരുടെ വാല്യക്കാരനെന്നു തോന്നുന്ന ഒരു മധ്യ വയസ്സ്ക്കനും.മെല്ലെ കണ്ണുകള്‍ ഒന്ന് തുറന്നവരെ നോക്കി . അയാള്‍ ചോദിക്കുന്ന കുശലങ്ങള്‍ക്കു മറുപടി പറയുന്നതില്‍ നിന്നും അവര്‍ തങ്ങളോളം ദീര്‍ഘ ദൂര യാത്രക്കാരല്ല ഇടക്കിറങ്ങും ,കൊച്ചു മകളുടെ ചൊവ്വാദോഷമകറ്റി വിവാഹം തടസ്സമുണ്ടാകാതിരിക്കാന്‍ ഏതോ പ്രസിദ്ധമായ അമ്പലത്തില്‍ വഴിപാടു കഴിഞ്ഞു വരുന്ന വഴിയാണ് .യാത്ര പതിവില്ലാത്തതും പ്രായാധിക്യം കൊണ്ടും കയറിയുടന്‍ തന്നെ ഉറക്കമായി ,ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ ശബ്ദ്ധങ്ങള്‍ക്കിടയിലും അയാളുടെ പഞ്ചാര വാക്കുകളും ചില്ലുടയുന്ന പോലുള്ള പെണ്‍കുട്ടിയുടെ ചിരിയും മുഴങ്ങി കേട്ടു. അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ ഒട്ടും ലജ്ജയില്ലാതെ കുറിക്കുകൊള്ളുന്ന മറുപടിയും കൊടുത്തു .
''ചേട്ടന്‍ എങ്ങോട്ടാണ് ''
ചിരപരിചിതരെ പോലുള്ള അവളുടെ ചോദ്യത്തിനു പെട്ടെന്നുള്ള മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു
''ഒരു രോഗിയും കൊണ്ട് ആശുപത്രിയില്‍ പോകയാണ് ,എന്റെ ഒരകന്ന ബന്ധുവാണ് ,നോക്കാനും കാണാ നുമൊന്നും ആരുമില്ല , അതിനാല്‍ ഞാന്‍ ആശുപത്രി വരെ ഒന്ന് ചെല്ലാമെന്നു കരുതി ''
താനുറക്കമാണെന്നു കരുതിയാവണം ഇത്തരം വാക്കുകള്‍ പറയുന്നത് ,അതോ ശവത്തില്‍ കുത്തുകയാണോ ,സ്വന്തം ഭാര്യായാണെന്നു പറഞ്ഞാല്‍ ഒരുപക്ഷെ അയാളുടെ പൈകിളി വര്‍ത്താനവും അവളുടെ മറുപടിയും നിലച്ചുപോകുമോ എന്ന് കരുതിയാവണം ,ഈശ്വരാ ഇങ്ങനെയും മനുഷ്യരുണ്ടോ .കേറിയപ്പോള്‍ മുതല്‍ കിടന്നത് കൊണ്ടാവണം കൈകാലുകള്‍ മരവിച്ചു ദേഹാമാസകലം വേദന ,ഒന്ന് എഴുന്നേറ്റാല്‍ കൊള്ളാമെന്നുണ്ട് ,പക്ഷെ എഴുന്നെട്ടാല്‍,,അയാള്‍ക്കത് ബുദ്ധിമുട്ടാവുമോ എന്ന് കരുതി . നീളുന്ന സംസാരം കേള്‍ക്കെണ്ടായെന്നു കരുതി വീണ്ടും ചിന്തയിലാണ്ടു കിടന്നു . അവരിപ്പോള്‍ വാതിലിനടുത്താണ് നിന്ന് സംസാരിക്കുന്നത് എത്ര പെട്ടെന്നാണ് അയാള്‍ പെണ്ണ്ങ്ങളെ വശത്താക്കുന്നത്. പ്രേമത്ത്തിന്റെയോ കാമത്തിന്റെയോ വിത്തുകള്‍ വീണു കിളിര്‍ക്കാന്‍ പറ്റാത്തവിധം ഉണങ്ങി വരണ്ട തന്റെ സ്ത്രീത്വത്തിന്റെ ഊഷരഭൂമി വിട്ടു മറ്റൊരു മേച്ചില്‍പ്പുറം തേടി പോകുന്ന അയാളെ തടയാനവുമോ ,കുറ്റംപറയാനും പറ്റുമോ?. ഇനിയീ യാത്ര അധികമില്ലല്ലോ എന്നതാണ് ആശ്വാസം .
ആശുപത്രിയില്‍ തന്റെ പരിശോധാന്‍ റിപ്പോര്‍ടുകള്‍ വായിച്ച ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സയും ശ്രദ്ധയും വൈകിയതില്‍ അയാളെ ശകാരിച്ചു അതിന്റെ ഗൌരവം ഉല്‍കൊള്ളാത്തത്തിനും കുറ്റപെടുത്തി .
''ഇവിടുത്തെ ചികിത്സ രണ്ടു വിധമാണ് ഒന്ന് രോഗിയുടെ കൂടെ ബന്ധുക്കള്‍ക്ക് താമസിച്ചു ചികിത്സ തേടാം ഇതിനു ചെലവ് കൂടും ,അടുത്ത ബന്ധുക്കള്‍ ഇല്ലാത്ത അഗതികള്‍ക്ക് ഇവിടെ തന്നെയുള്ള ആശ്രമത്തിലെ അന്തെവാസികല്‍ക്കൊപ്പം കഴിഞ്ഞു ചികിത്സ ആവാം ,ഇത് സൌജന്യമാണ് ,പിന്നെ ചികിത്സ കഴിഞു രോഗി ഭേദമായാല്‍ തിരകെ വിളിച്ചോണ്ട് പോകാനും ,മരണം സംഭവിച്ചാല്‍ ജഡം തിരികെ കൊണ്ട് പോകാനും ശരിയായ മേല്‍വിലാസം തന്നിട്ട് പോകണം''. തീരുമാനിക്കേണ്ടത് രോഗിയാണ് 'തന്റെ നേര്‍ക്കായി തിരിഞ്ഞുകൊണ്ട്
''കൂടെ വന്നത് ആരാണ് '' അയാള്‍ വായ് പൊളിക്കും മുന്‍പ് താനാണതിന് മറുപടി കൊടുത്തത് .
''എന്റെ ഒരു അകന്ന ബന്ധുവാണ് സര്‍ ,ഇത്രയുംനാള്‍ ജീവിച്ചത് ഇദ്ധേഹത്തിന്റെ കരുണ കൊണ്ടാണ് രോഗം മൂലം ഭര്‍ത്താവ് നേരെത്തെ ഉപേക്ഷിച്ചു പോയി കുട്ടികളില്ല ,ഒരുപാട് തിരക്കും ഉത്തരവാദിത്വവുമുള്ള ഇദ്ദേഹത്തെ ഇനി ഉപദ്രവിക്കാന്‍ വയ്യ ''.
പറഞ്ഞു തീര്‍ന്നപ്പോള്‍ കരഞ്ഞുപോയി കൂടെ ശ്വാസം മുട്ടലും .തന്റെ വാക്കുകള്‍ കേട്ട് നിന്നയാള്‍ സ്ത്ബ്ദ്ധനായതുപോലെ . മുഖത്ത് പ്രകടമായ ദുഖമോ ജാള്യതയോ മറക്കാനൊരു വിഫല ശ്രമം നടത്തുമ്പോലെ .ഡോക്റ്റര്‍ ബെല്ലമര്‍ത്തിയപ്പോള്‍ വാതുക്കല്‍ പ്രത്യക്ഷ പെട്ട കന്യാസ്ത്രീകളുടെ കൈകളിലേക്ക് തന്നെ ഏല്‍പ്പിക്കുമ്പോള്‍ ശരിയായ തീരത്തണഞ്ഞുവേന്നുള്ള സമാധാനമായിരുന്നു .കൂടെ ജീവിച്ചു ഇഷ്ട്ടാനിഷ്ടങ്ങള്‍ കഴിവതും നടത്തിയ തന്നോട് ഒരിക്കല്‍ പോലും കാട്ടാത്ത ദയവാപ തിരിച്ചയള്‍ക്കും കൊടുക്കാന്‍ തനിക്കാവുന്നില്ല . അവര്‍ തന്നെ സ്നേഹവയ്പോടെ അകത്തേക്ക് കൊണ്ട് പോകാന്‍ തുടങ്ങുമ്പോള്‍ അവരുടെ കൈ വിട്ടു എന്തോ മറന്നു വെച്ചപോലെ അയാള്‍ നിക്കുന്നിടത്തേക്ക് ചെന്ന് അയാളുടെ മുഖത്ത് നിഴലിച്ച ഭീതി കണ്ടതായി നടിച്ചില്ല
''ഭാമേ നീ .....
അയാള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയാം അയാളുടെ വാക്കുഅകള്‍ക്ക് തടയിട്ടുകൊണ്ട് മറ്റുള്ളവര്‍ കാണാതെ കഴുത്തില്‍ കിടന്ന താലിയൂരി തണുത്തു വിറയാര്‍ന്ന അയാളുടെ കൈകളില്‍ കൊടുത്തപ്പോള്‍ നല്ലതെന്തോക്കെയോ ചെയ്ത് സായൂജ്യമായിരുന്നു മനസ്സില്‍ ,,, നിരാശയോ വ്യഥകളോ ഒന്നുമില്ലാത്ത സ്വപ്‌നങ്ങള്‍ അകന്ന മനസ്സുമായി അവള്‍ നടന്നു, കൂടൊഴിഞ്ഞ പക്ഷിയെ പോലെ ഒന്നുമോര്‍ക്കാതെ,,,,,,,,,,,
0 comments:
Post a Comment