ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

**ചിത്ര പുസ്തകം**


  നന്നേ ചെറുപ്പത്തിലെ കുട്ടിക്ക് ഏറെ ഇഷ്ട്ടം അമ്മാമേ ആയിരുന്നു ,അമ്മയുടെ നേരെ ഇളയ സഹോദരന്‍ ,കുഞ്ഞു പ്രായത്തിലെ തൊടിയിലും  പറമ്പിലുമൊക്കെ കൊണ്ട് നടന്നു തുമ്പിയെ കാട്ടിയും ,പശൂമ്പയുടെ പുറത്തിരുത്തി ,തറവാട്ടു കുളത്തിലിറക്കി ,മീനേ കാണിച്ചും കരച്ചിലും നിര്‍ബന്ധവും മാറ്റുന്നത് അമ്മാമയായിരുന്നു, തന്റെ പാലുകുടി മാറ്റാനായി അമ്മ അമ്മാമയുടെ കൈയ്യിലാണ് വീട്ടിലേക്കു കൊടുത്തു വിട്ടത്  ,അമ്മയെ കാണാതെ മുലകുടിക്കാന്‍ പറ്റാഞ്ഞിട്ട്  നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ വെളുക്കുവോളം മുറ്റത്തും തൊടിയിലുമാകെ കൊണ്ട് നടന്നു .   ,അമ്മൂമ്മ ഉണ്ടേലും തനിക്കിഷ്ട്ടം അമ്മാമയുടെ കൂടെ കളിക്കാനും,കുളത്തില്‍ ഇറങ്ങി കളിക്കാനുമൊക്കെ ,പക്ഷെ അമ്മൂമ്മ കണ്ടാല്‍ അമ്മാമ്മയെ വഴക്കും പറയും .പിന്നീട് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവധിക്കാലം വരാന്‍ കാത്തിരിക്കും ,കൃത്യം ആ ദിവസം ഓര്‍ത്തു വെച്ചപോലെ അമ്മാമ്മയും ഓടിയെത്തും ,അച്ഛനമ്മമാര്‍ക്ക് ഏക മകളാകയാല്‍ രണ്ടുമാസത്തോളം പിരിഞ്ഞിരിക്കല്‍ അച്ഛനുമമ്മക്കും വിഷമമായിരുന്നു,എന്നാലും അമ്മാമ വന്നാല്‍ പിന്നെ ഒരു ചായകുടിച്ചിട്ടു പോകാന്‍ പോലും താന്‍ സമയം കൊടുക്കാറില്ല ,എന്തൊരു രസമാ ആ അവധി ദിവസങ്ങള്‍ക്കു എളുപ്പം ഓടിപോകുന്നത് പോലെ തോന്നും .

                                          അവിടെത്തിയാല്‍ തന്നെ  കുളിപ്പിക്കുന്നതും , മുടി ചീകി കേട്ടിതരുന്നതും ഭക്ഷണം വാരി തരുന്നതുമൊക്കെ അമ്മാമയായിരുന്നു ,പാടത്തും  പറമ്പിലും  ഓടി നടന്നു ആള്‍ക്കാരെ കൊണ്ട് പണിയെടുപ്പിക്കുന്ന അമ്മൂമ്മക്കെവിടാ നേരം, തന്റെ വരവും കാത്തിരിക്കുന്ന പത്തായപ്പുരയിലെ കൂടയില്‍ പഴുക്കാന്‍ വെച്ചിരിക്കുന്ന മാമ്പഴവും ,പിന്നെ കശുമാവില്‍ നിന്നും അടരുമ്പോള്‍ പെറുക്കി വെക്കുന്ന കശുവണ്ടി കരിയില കൂട്ടിയിട്ടു ചുട്ടുതരും അമ്മാമ ,താന്‍ ഓടിച്ചാടി നടന്നു വല്ലതുമൊക്കെ തള്ളിയിട്ടു പൊട്ടിക്കുമെന്ന പേടിയാല്‍ അമ്മൂമ്മ ചിലപ്പോള്‍ വഴക്കും പറയും അപ്പോള്‍ അമ്മാമ തന്നെ സാന്ത്വനിപ്പിക്കും .എന്നും വൈകുന്നേരം അമ്മാമ്മയുമായൊരു കറക്കമുണ്ട് ,നാട്ടുവഴിയിലൂടെ  കാഴ്ചകളൊക്കെ കണ്ടു ,അമ്പലത്തിലേക്ക് തിരിയുന്ന  പാതയില്‍ ഒരു ചെറിയ തടിപ്പാലമുണ്ട് ,അതിലൂടെ നടക്കാന്‍ തനിക്കു പേടിയായിരുന്നു ,പലകയുടെ വിടവിലൂടെ വെള്ളം ശക്തമായി ഒഴുകുമ്പോള്‍ ഇടയിലെ പലകയിളകി  താന്‍ വെള്ളത്തില്‍ വീഴ്മോ എന്ന ഭയം ,പാലമെത്തുമ്പോള്‍ അമ്മാമ തന്നെ എടുക്കും ,അമ്പലത്തിനു മുന്നിലെ വലിയ ആല്‍മരവും ,അതിന്റെ ചുവട്ടിലിരുന്നു  കൈനോക്കി ഫലം പറയുന്ന കാക്കാത്തിയും ,അവരുടെ കൂട്ടിലടച്ച ചീട്ടെടുക്കുന്ന തത്തയുമൊക്കെ കൌതുകകരമായ കാഴ്ചകളായിരുന്നു .അമ്മാമയുടെ കൈപിട്ച്ചു ഗമയിലങ്ങനെ പോകുമ്പോള്‍ പലരും ചോദിക്കും ''ആരാ ഈ കുട്ടീന്ന് '' അമ്മാമയും വിട്ടുകൊടുക്കില്ല എന്റെ പെങ്ങടെ മോളാ ,ചന്തത്തിലൊരു മറുപടിയും ,

                            ആ നല്ല കാലമങ്ങനെ കഴിയവേ എപ്പോഴാണോ തനിക്കു തന്റെ ചിത്രപുസ്തകം കൈമോശം വന്നത് ,ഒരു രാത്രി അമ്മാമയോടൊപ്പം ഉറങ്ങുമ്പോള്‍ ,തന്നെ ഒരു വിചിത്ര ജീവി കടിച്ചു കീറനായി അതിന്റെ കോമ്പല്ലുകള്‍ ശരീരത്തിലേക്ക് കുത്തിയിറക്കുന്നു ,വേദനയാല്‍ താന്‍ കരയുമ്പോള്‍ അമ്മാമ്മയെ വിളിച്ചു ,ഇരുട്ടായതിനാല്‍  ,അമ്മാമയെ കാണുന്നുമില്ല വിളി കേള്‍ക്കുന്നുമില്ല  ,താന്‍ ഉച്ചത്തില്‍ കരഞ്ഞിട്ടും അമ്മാമ കേള്‍ക്കുന്നില്ല ,വെളിച്ചം  അധികം കേറാത്ത നാലുകെട്ടിനകത്തെ അടച്ചിട്ട മുറിയില്‍ തന്റെ കരച്ചില്‍ കോരിച്ചൊരിയുന്ന മഴയുടെ തേങ്ങലില്‍ അലിഞ്ഞില്ലാതായോ എന്തോ, എങ്കിലും ഇടക്കെപ്പോഴോ  വെട്ടിയ ഇടിമിന്നലില്‍ താന്‍ കണ്ടു തന്നെ ഉപദ്രവിച്ച ആ വിചിത്ര  ജീവിക്ക് അമ്മാമയുടെ മുഖമായിരുന്നു ,തന്റെ കൊമ്പല്ലുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര തുടച്ചു വീണ്ടുമൊരു ആക്രമണത്തിനോരുങ്ങുമ്പോള്‍ ,വാതില്‍ തുറന്നു ഓടാന്‍ മാത്രം ശക്തിയും ആരോഗ്യവും ഉണ്ടായിരുന്നു കാരണം താനപ്പോള്‍  വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു,അമ്മാമ്മയോട്  ചേര്‍ന്നുറങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്മൂമ്മ എപ്പോഴും പറയും ''കെട്ടിക്കാന്‍ പ്രായമായ പെണ്ണിന് കുട്ടിയാണെന്നാ  വിചാരം, കര്ഞ്ഞുകൊണ്ടോടി അമ്മൂമ്മയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു ഭയത്തോടെ  ,പുറകെ വന്ന അമ്മാമ്മയോടു അമ്മൂമ്മ കാര്യം തിരക്കിയപ്പോള്‍ ,വിക്കി വിക്കിയാണോ പറഞ്ഞു  തീര്‍ത്തു ''കുട്ടി എന്തിനെയോ കണ്ടു ഭയപെട്ടിരിക്കുന്നു അതിനും അമ്മാമ തന്നെ വഴക്കും കേട്ട് ''പ്രായമായ കുട്ടിയെ കാവിലും കുളത്തില്മൊക്കെ അന്തിയില്ലാ മൂവന്തിയില്ല ,നോക്കാണ്ട്  കൊണ്ട് നടന്നിട്ട'',അമ്മൂമ്മ എന്തൊക്കെയോ മന്ത്രം ജപിച്ചു തന്റെ ശരീരമാകെ ഉഴിഞ്ഞു . അമ്മാമ്മയോടു മിണ്ടാനോ ,പഴയതുപോലെ അടുത്തിട പഴകാണോ എന്തോ ഒരു മടി ,അമ്മാമ്മയും  ഒരു അകലം സൂക്ഷിച്ചുവോ ,  


                         പിന്നീടുള്ള ഒരവധിക്കലത്തും തറവാട്ടില്‍ പോകാന്‍ കുട്ടി ശാദ്യം പിടിച്ചില്ല ,അമ്മാമ്മയും വന്നുമില്ല , തന്റെ അമ്മക്ക് അത്ഭുതമായിരുന്നു,പണ്ട് പരീക്ഷക്ക്‌ നല്ല മാര്‍ക്ക് വാങ്ങിയാലെ തറവാട്ടില്‍ വിടുവെന്ന അമ്മയുടെ വാശി പിടിക്കലിന് ഉറക്കമോഴിഞ്ഞും കളിയും ചിരിയുമൊക്കെ ഉപേക്ഷിച്ചും പഠിക്കുമായിരുന്നു ,ഇപ്പോഴതിന്റെ ആവശ്യുമില്ല ,ആ അവധിക്കാലത്തിനു ശേഷം പഠിത്തത്തില്‍ വളരെ പിന്നിലായി ,എന്തോ വിലപെട്ടത്‌ നഷ്ട്ടമായ ഒരു വിങ്ങല്‍ എപ്പോഴും മനസ്സിനെ കാര്‍ന്നു തിന്നു ചുണയും ചൊടിയുമൊക്കെ നഷ്ട്ടപെട്ടതുപോലെ ,കൂട്ടുകാരില്‍ നിന്നുപോലും അകന്നു നിന്ന്  ,പത്താം ക്ലാസ്സിലെ പരീക്ഷക്ക്‌ മുന്‍പേ ആരേലും ഡോക്ടര്‍മാരെ മകളെ കാണിക്കണമെന്ന നിര്‍ബന്ധം അമ്മാക്കായിരുന്നു,പ്രശസ്തനായ ഒരു മനോരോഗ വിദഗ്ദ്ധന്റെ മുന്നിലിരുന്നു അയാള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറകൂടാതെ , മടികൂടാതെ മറുപടി പറയാന്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ ,കുട്ടിക്ക് പറയാനുള്ളത് ഒന്ന് മാത്രം ,മഴയുള്ള രാത്രിയില്‍ തനിക്കു നഷട്ടമായ ചിത്രപുസ്തകത്തെ പറ്റി,  ദിവസങ്ങള്‍ക്കു ശേഷം അയാളത് തനിക്കു തിരികെ നല്‍കുമ്പോള്‍ ആശയോടെ അത് തുറന്നു നോക്കിയാ കുട്ടിയുടെ മുഖം മ്ലാനമായിരുന്നു ,ആ പുസ്തകത്തിലെ ചിത്രങ്ങളെല്ലാം മാഞ്ഞു പോയിരുന്നു ,പാറിനടന്ന ശലഭങ്ങളുടെ ചിറകുകള്‍ കൊഴിഞ്ഞു ,പുറം  ചട്ടയും ദ്രവിച്ചു തുടങ്ങിയിരുന്നു ,വര്‍ണ്ണങ്ങളെല്ലാം മങ്ങി,,,,                          

0 comments:

Post a Comment

Adz