ഉച്ചയുറക്കം പതിവുള്ളതല്ല, എന്നാലും ഇന്നെന്തോ അല്‍പ്പമൊന്നു മയങ്ങി ചെറുക്കന്‍ പോയിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിടുന്നു. ഇന്നേ വരെ ഇത്രയും ദിവസം തമ്മില്‍ അകന്നു കഴിഞ്ഞിട്ടില്ല. ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം അതില്‍ ക്കൂടുതല്‍ അവനെ പിരിഞ്ഞിരിക്കാന്‍ തനിക്കാവില്ല, അതവനു നന്നായിട്ടറിയാം. എഞ്ചിനിയര്‍ങ്ങിനു പഠിക്കാന്‍ വിട്ടപ്പോള്‍ തന്നെ പലപ്പോഴും പ്രോജക്റ്റ്, സെമിനാര്‍ എന്നൊക്കെ പറഞ്ഞവന്‍ പോകാറുണ്ട്. എവിടെപ്പോയാലും അപ്പപ്പോള്‍ വിളിക്കാറുള്ളതുമാണ്. എന്നാലിപ്പോള്‍ രണ്ടു ദിവസമെന്ന് പറഞ്ഞു പോയിട്ട് ആകെ ആദ്യ ദിവസം മാത്രമൊന്നു വിളിച്ചു. പിന്നീട് വിളി വരുന്നതും കാത്തിരുന്നു വരാഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചപ്പോള്‍ സ്വിച് ഓഫാണെന്നു കേട്ടു. കൂടെയുള്ള കൂട്ടുകാരുടെ നമ്പരുകള്‍ ഒന്നും അറിയാന്‍ പാടില്ല അതിന്റെ ആവശ്യം ഇത് വരെ വന്നിട്ടുമില്ല. എങ്കിലുംഅടുത്ത കൂട്ടുകാരന്റെ അകലെ ഒരു വീട് തേടിപ്പിടിച്ചു ചെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവന്‍ കൂടെ പോയിട്ടില്ലായെന്നു. അപ്പോള്‍ തന്നെ ആകെ പരിഭ്രമമായി. പഠനം കഴിഞ്ഞുടന്‍ കൂടുകാര്‍ ചേര്‍ന്ന് ബംഗ്ലൂരിലോ മറ്റോ പോകുമെന്ന് ഇടക്കൊന്നു സൂചിപ്പിച്ചിരുന്നു. എന്നാല്‍ പോകുമ്പോള്‍ എവിടെക്കെന്നു കൃത്യമായി പറഞ്ഞില്ല.
''ഞാന്‍ പോയി വരുമ്പോള്‍ അമ്മക്കൊരു സര്‍പ്രൈസായിക്കും കേള്‍കാന്‍ കഴിയുക ''
എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ തുറന്നു പറഞ്ഞില്ല .അപ്പോള്‍ തന്നെ മനസ്സിലൊരു വല്ലായ്മ അനുഭവപെട്ടു. മകന്‍ തന്നില്‍ നിന്നുമെന്തോ അകലം സൂക്ഷിക്കുന്നുവോ? നിസ്സാര കാര്യങ്ങള്‍ക്കു താന്‍ പെട്ടെന്ന് സങ്കടപ്പെടുന്നുവെന്ന അഭിപ്രായം സഹപ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് മകനുമുണ്ട്. എന്നാലും അവനുവേണ്ടി മാത്രം ജീവിച്ച തനിക്കു അവന്റെ അസാന്നിധ്യം വല്ലാത്ത വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു. അവനില്ലാത്തത് കൊണ്ട് തന്നെ അടുക്കളയില്‍ കേറാനോ വല്ലതും വെച്ചുണ്ടാക്കനോ ഒരു ഉണ്മെഷവുമില്ല മൂന്നാല് ദിവസ മായി പട്ടിണിയെന്നുതന്നെ പറയാം. അതിനാല്‍ തന്നെ വലിയ ക്ഷീണം. ചെറുക്കന്‍ വിളിക്കാത്തതിന്റെ വേവലാതിയില്‍ ഊണും ഉറക്കവും അകന്നു വല്ലാത്ത ഒരു അവസ്ഥയില്‍ എത്തി
''ഈശ്വര എന്റെ കുട്ടിക്ക് എന്താ പറ്റിയേ?
ഓര്‍ക്കുമ്പോള്‍ ഇടനെഞ്ചിലൊരാളല്‍. ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് ചാടിപ്പിടച്ചു എഴുന്നേറ്റത്. മോനായിരിക്കും, നല്ലത് നാലങ്ങു പറഞ്ഞു കൊടുക്കണമെന്ന ചിന്തയോടെ ഫോണെടുത്തപ്പോള്‍ പരുക്കന്‍ സ്വരത്തിലെ ഒരു പുരുഷ ശബ്ദം
''ശ്രീമതി ചന്ദ്രമതിയുടെ വീടല്ലേ ?
''അതെ ,,ആരാണ് ''
''ഞാന്‍ പോലീസ് സ്റെഷനീന്ന വിളിക്കുന്നെ''
''എന്താ സര്‍ , തന്റെ ജിജ്ഞാസയും വെപ്രാളത്തിലുമുള്ള ചോദ്യവും കേട്ടത് കൊണ്ടാകാം അങ്ങേ തലക്കല്‍ നിന്നുള്ള സ്വരത്തിനൊരു സാന്ത്വന ഭാവം.
''പേടിക്കാനൊന്നുമില്ല, നിങ്ങളുടെ മകനെക്കുറിച്ചൊരു കാര്യം ചോദിക്കാനായിരുന്നു.
''അയ്യോ എന്റെ മോനെന്തു പറ്റി'' അത് ചോദിക്കുമ്പോള്‍ കരച്ചില്‍ സ്വരത്തിന് ഭാവപ്പകര്‍ച്ച നല്‍കി.
''മകന്‍ ഇപ്പോള്‍ വീട്ടിലുണ്ടോ''
''ഇല്ല സര്‍ അവനൊരു ഇന്റെര്‍വ്യൂവിന് പോയതാ''
''എന്നാലിപ്പോള്‍ ആള് ഞങ്ങളുടെ കസറ്റടിയിലുണ്ട്''
''അയ്യോ സര്‍ ,എന്റെ മോന്‍ പാവമാ, അവനെത് കുറ്റമാ ചെയ്തത്''
കരഞ്ഞു കൊണ്ടുള്ള എന്റെ ചോദ്യത്തിനു അയാള്‍ പറഞ്ഞത് വിശ്വസിക്കാനാവാതെ എല്ലാം കേട്ട് നിന്ന് ഒഴുകുന്ന കണ്ണീര്‍ കാഴ്ചകള്‍ മായ്ക്കുമ്പോഴും തലക്കുള്ളില്‍ ഒരു അഗ്നി പര്‍വ്വതം പൊട്ടിയൊഴുകി തുടങിയിരുന്നു.
മകന്‍ ഒരു പെണ്‍കുട്ടിയുമായി നാട് വിട്ടുവെന്നും അവളുടെ വീട്ടുകാരുടെ പരാതിയിന്മേല്‍ കണ്ടു പിടിച്ചു ഇപ്പോള്‍ കസ്റ്റഡിയില്‍ ആണെന്നും, അവന്‍ അവളെ രജിസ്ടര്‍ വിവാഹം കഴിച്ചുവെന്നും, അതിനു സാക്ഷിയാകാനും അവനു വേണ്ടത്ര സംരക്ഷണം നല്‍കുവാനും അവന്റെ അച്ഛന്റെ ജേഷ്ട്ടനും മറ്റും അവിടെ എത്തിയിട്ടുണ്ടെന്നും, ഇവര്‍ പറയുന്നതെല്ലാം സത്യമാണോ എന്നറിയാന്‍ തന്നെ വിളിച്ചതെന്നും, അവരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു പ്രശനം പരിഹരിക്കണമെന്നൊരു ഉപദേശവും തന്നു. എത്രയെളുപ്പത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഉടുപ്പ് മാറുന്ന ലാഘവത്തില്‍ മറക്കണം ക്ഷമിക്കണം. അപ്പോള്‍ ഈ ദുരനുഭവങ്ങളെ നേരിടുന്നവര്‍ക്ക് മനസ്സും ചിന്തയുമൊന്നും വേണ്ടന്നോ? അവനെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയിട്ടുണ്ടത്രേ? എപ്പോള്‍ മുതലാണ് ഇവന് ബന്ധുക്കള്‍ ഉണ്ടായത് അച്ഛനുപേക്ഷിച്ചു പോയ കുട്ടി വളര്‍ന്നു എഞ്ചിനിയര്‍ ആയപ്പോള്‍ എത്തിയ ബന്ധുക്കളോ? ചന്ദ്രമതിക്ക് ഓര്‍ത്തപ്പോള്‍ ദേഷ്യവും സങ്കടവും അടക്കാന്‍ കഴിയുന്നില്ല. ഇന്നുമോര്‍ക്കുന്നു നട്ടുച്ചയ്ക്ക് എരിവെയിലില്‍ സാരിത്തലപ്പുകൊണ്ട് നിന്നെ മൂടിപ്പുതപ്പിച്ചു നിന്റെ അച്ചന്റെ തറവാട്ടു മുറ്റത്ത് ചെന്നത്. ഒരു നേരത്തെ ആഹാരത്തിനും നിനക്കൊരു നല്ല ജീവിതം ഉണ്ടാകുവാനും. ,നല്ലൊരു മുഖം തന്നു സ്വാഗതം ചെയ്യാന്‍ നിന്റെ അച്ചമ്മക്കുപോലും കഴിഞ്ഞോ? ഏതോ ദുശ്ശകുനം കാണുന്ന മുഖഭാവത്തോടെ പലരും പെരുമാറിയപ്പോള്‍ ഇരുട്ടുവീണ ഭാവിയുടെ വ്യഥയുമായി ഒരു തൃസന്ധ്യക്ക് അമ്മ നിന്നെയും തോളിലിട്ടു നടന്നു അനിചിതത്വം മാത്രം കൂട്ടുമായ്.
അവസാനത്തെ കടത്തും കഴിഞ്ഞു വള്ളം കെട്ടിയിട്ടു പോകാന്‍ തിടുക്കം കൂട്ടുന്ന വള്ളക്കാരന്‍ തന്റെ നിസ്സഹായതയും കണ്ണീരും കണ്ടു വീണ്ടും വള്ളമിറക്കി അതില്‍ ഉറങ്ങിക്കിടക്കുന്ന നിന്നെ മാറോട് ചേര്‍ത്ത് എകാകിയായിരിന്നപ്പോള്‍ പലകുറിയോര്‍ത്തു ഈ യാത്ര ഇവിടെ അവസാനിപ്പിക്കാമെന്ന്. ഓളങ്ങള്‍ ഒഴുകിപ്പരക്കുമ്പോള്‍ അവയില്‍ തെളിഞ്ഞു മായുന്ന അവ്യക്തചിത്രങ്ങള്‍ പോലെ ഒന്നിനും വ്യക്തതയില്ലാതെ എങ്ങോട്ടെന്നറിയാത്ത ഒരു യാത്ര. ആ കായല്‍ക്കയത്തിലേക്ക് എല്ലാ പ്രശങ്ങളും തീര്‍ക്കാന്‍ മനസ്സ് വെമ്പിയപ്പോള്‍ അമ്മക്ക് കഴിഞ്ഞില്ല താമരത്തണ്ട് പോലെ വാടിയ നിന്റെ മുഖം എന്നോടൊപ്പം ആ ഓളങ്ങളില്‍ ഇല്ലാതാക്കാന്‍. എങ്ങിനെയൊക്കെയോ തപ്പീം തടഞ്ഞും ആത്മമിത്രമായ സൌദാമിനിയെ കണ്ടെത്തി .അവളുടെ ആഥിധേയത്വത്തില്‍ ദിനങ്ങള്‍ കടന്നു പോകുമ്പോഴും ആത്മഹത്യയെ കുറിച്ചുമാത്രമാണ് ചിന്തിച്ചത്. അവള്‍ക്കു തന്നെ കൈവിട്ടു കളയാന്‍ പറ്റാത്ത ആത്മബന്ധം താങ്ങായി എന്നിട്ടും അവള്‍ കൂടെക്കൂടെ തന്നെ ഓര്‍മ്മപെടുത്തുന്ന ഒരു കാര്യമുണ്ട്.
''ചന്ദ്രേ കുട്ടികളോട് എല്ലാ അമ്മമാര്‍ക്കും സ്നേഹമുണ്ട് പക്ഷെ അത് അതിര് വിടരുത് അങ്ങനെയായാല്‍ ഇവന്‍ തന്നെ ഒരിക്കല്‍ നിന്നെ തള്ളിപ്പറയും. ''
അന്നത് കേട്ടപ്പോള്‍ അവളോട് വല്ലാത്ത ഒരു നീരസം തോന്നി ,അത് പ്രകടിപ്പിക്കുയും ചെയ്തു. എങ്കിലും അവളുടെ ശ്രമഫലമായി ഒരു കൊച്ചു ജോലി തരപെട്ടു. അതിലൂടെ തന്റെ മകനും മോഹവും വളരുകയായിരുന്നു വാനോളം. അന്നൊന്നും തന്റെയോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ആരും തിരിഞ്ഞു നോക്കിയില്ല. പഠിക്കുന്ന കുട്ടിക്ക് ഒരു പെന്‍സിലോ ഉടുപ്പോ വാങ്ങിയാരും കൊടുത്തില്ല. തങ്ങളത് പ്രതീക്ഷിച്ചുമില്ല. സൌദാമിനി തന്റെ ഏകാന്തതയെ ഒഴിവാക്കാന്‍ പല വിവാഹലോച്ചനകളും കൊണ്ടുവന്നു. മകന് വേണ്ടി അവന്റെ ഭാവിക്കുവേണ്ടി താനതെല്ലാം നിരസിച്ചപ്പോഴും അവളാ പഴയ പല്ലവി തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
''അധികമായാല്‍ അമൃതും വിഷമാകുമെന്നു ,
ഇപ്പോഴത് ?????
ഓ, അതൊന്നും കേള്‍ക്കുന്നത് നിനക്കിഷ്ട്ടമാല്ലല്ലോ ,എല്ലാ അമ്മമാരും പറയുന്നതല്ലേ ഇതെല്ലാം. പത്ത് മാസം ചുമന്നതും പാലൂട്ടി വളര്‍ത്തിയതും പിന്നെ മകനുവേണ്ടി ജീവിതം ഹോമിച്ചതുമെല്ലാ കേള്‍ക്കുമ്പോള്‍ തന്നെഅരോചകമാണ് മിക്കചെറുപ്പക്കാര്‍ക്കും. ഞാനതൊന്നും ആവര്‍ത്തിക്കുന്നില്ല. എങ്കിലും എന്റെ അനുഭവങ്ങളും പിന്നിട്ട വഴികളും ചിന്തിക്കാതെ, ഓര്‍ക്കാതെ കടന്നു പോയില്ലാ ഇന്നുവരെയുള്ള ജീവിതത്തില്‍.
എന്നാലിപ്പോള്‍ അവനു ബന്ധുക്കള്‍ ഉണ്ടായിരിക്കുന്നു. തന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയവര്‍ നല്‍കുന്ന സ്നേഹത്തില്‍ അമ്മയുടെ കണ്ണീരിന്റെ നനവ് പടര്‍ന്ന വഴികള്‍ മറന്നു പോയിരിക്കുന്നു നീ. ശരിയാണ് എന്റെ ചിറകിനടിയില്‍ കഴുകനും കാക്കകളും കൊണ്ട് പോകാതെ സൂക്ഷിച്ച എന്റെ വിലപ്പെട്ട നിധിയായ നീ വളര്‍ന്നതും പുരുഷനായതും സ്വാര്‍ത്ഥത നിന്നെ പോതിഞ്ഞതുമൊന്നും അമ്മ അറിയാതെ പോയി. ഇന്നലെ വരെ കഴിഞ്ഞത് പോലെ ഇനിയീ വീട്ടില്‍ നമുക്ക് ഒന്നിച്ചു കഴിയാനാകുമോ? എന്തായാലും എനിക്കാവില്ല. നമ്മള്‍ക്കിടയില്‍ ഒരാള്‍ വരണമെന്നതും നിങ്ങളുടെ മക്കളോടുകൂടി കഴിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആസ്വപ്നത്തിനു ഞാന്‍ കൊടുത്തൊരു നിറച്ചാര്‍ത്തും രൂപഭംഗിയുമുണ്ടായിരുന്നു. നീ സ്വയം വരച്ച ചിത്രം അമ്മയുടെ കണ്ണ്കള്‍ക്ക് ഇമ്പം പകരുന്നില്ല. ചിതറിയ കളിപ്പാട്ടവുമായി ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങും മനസ്സുമായി അമ്മ പോകുന്നു. ഒളിച്ചോട്ടമോ ആത്മഹത്യയോ അല്ല. ഒരു തീര്‍ഥയാത്ര. ഒരുപാട് നാളായി മനസ്സ് മോഹിച്ചത്. സ്വന്തമായോന്നു ജീവിക്കാന്‍.
ചന്ദ്രമതി കട്ടിലില്‍ നിന്നെഴുനേറ്റു. നിലവിളക്കെടുത്ത് കഴുകി വൃത്തിയാക്കി. നിറയെ എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ചു. അതിന്‍ മുന്നിലിരുന്നു കൊണ്ട് മകന് നല്ല ഭാവിക്കായി പ്രാര്‍ത്ഥിച്ചു. അസ്തമയത്തോട് അടുക്കുന്ന പ്രാഭാവം നഷ്ട്ടപെട്ട വെയിലാണ് അമ്മ. ഇനി മുന്നോട്ടുള്ള യാത്രയില്‍ നിനക്ക് വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരു തടസ്സമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഉദയ സൂര്യനായ നിന്നോടൊപ്പമെത്താന്‍ അമ്മക്കിനി കഴിയില്ല. അതിനാല്‍ ഈ കത്തിച്ചു വെച്ച വിളക്കാണ് അമ്മ. അത് കെടാതെ നിനക്ക് വേണേല്‍ നോക്കാം. താരാട്ടു പാടിയുറക്കിയ രാവുകളില്‍ നിന്റെ ചെവിയിലമ്മ ചൊല്ലിയ കാര്യങ്ങള്‍ ഓര്‍ക്കാനാകുമെങ്കില്‍, എന്നുമമ്മ ആശിച്ചപോലെ, പ്രാര്‍ഥിച്ച പോലെ പറയാനുള്ളത് ഒന്നുമാത്രം.
''നിനക്കെന്നും നന്മകള്‍ ഉണ്ടാകട്ടെ ''
0 comments:
Post a Comment