ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

പൂച്ചക്കണ്ണന്‍


 

                           അവന്‍റെ കണ്ണുകളായിരുന്നു അവളെ ഏറെ ആകര്‍ഷിച്ചത് . ആര്‍ദ്രവും നിഗൂഢവുമായ ഒരു തടാകം പോലെ, അലസമായി നെറ്റിയിലേക്ക് ചാഞ്ഞു വീണു കിടക്കുന്ന മുടിയിഴകള്‍ക്കു താഴെയുള്ള ചന്ദനക്കുറിയും അതിനു മുളിലുള്ള കുങ്കുമച്ചാര്‍ത്തും നല്ല ഭംഗിയില്‍ വെട്ടിമിനുക്കിയ താടിയും കാവി ജുബ്ബയും, കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന, പല നിറത്തില്‍ പിരിച്ചു ചേര്‍ത്ത നൂലും മുഖത്തെ ഗാംഭീര്യവുമൊക്കെ അവള്‍ക്കിഷ്ട്ടമായിരുന്നു . അവന്‍റെ സാമീപ്യം, തന്നെ പ്രണയ പരവശയാക്കുന്നതവള്‍ തിരിച്ചറിയുന്നു. ഒപ്പം മാനസിക പിരിമുറുക്കവും . പ്രണയം മനസ്സില്‍ തോന്നിത്തുടങ്ങിയ കാലം മുതല്‍ പരിചയപ്പെട്ട എത്രയോ കൂട്ടുകാര്‍, തനിക്കൊപ്പം സ്കൂളിലും മറ്റും അകമ്പടിയായി വരുന്ന ഫിറോസും, ഓത്തുപള്ളിയില്‍ പഠിച്ച മെഹബൂബും ശരീഫും. അവരൊക്കെ പറയുന്ന കളിതമാശകള്‍ കേട്ടു നടക്കാന്‍ നല്ല രസമായിരുന്നുവെങ്കിലും അവരോടൊന്നും തോന്നാത്ത ഒരു വികാരം എന്താണിവനോടു മാത്രം ? കോളേജില്‍ വിടേണ്ടെന്നു ഉമ്മയും മാമമാരും പറഞ്ഞിട്ടും അല്‍പ്പം പുരോഗമന ചിന്താഗതിക്കാരനായ ബാപ്പ പഠിക്കാന്‍ വിട്ടത് തന്‍റെ മകളിലുള്ള സ്നേഹവാത്സല്യത്തേക്കാളുപരി വിശ്വാസമായിരുന്നു . അന്യമതസ്ഥനായ അവനോടു 
മാത്രം ഇത്രയ്ക്ക് ആത്മബന്ധംതോന്നുക അവനോടൊത്തുള്ള ജീവിതം സങ്കല്‍പ്പിച്ചു നോക്കുക . താനൊരുപാട് ആലോചിച്ചു നോക്കി തനിക്കെന്താ പറ്റിയെ ? വീട്ടിലെ നമസ്ക്കാരപ്പായയിലിരുന്നു ദുആ ചെയ്യുമ്പോഴും ഹൃദയത്തില്‍ കടന്നു വരുന്നത് അവന്‍റെ മുഖമായിരുന്നു . ആദ്യമായി കണ്ടപ്പോള്‍ത്തന്നെ തനിക്കുവേണ്ടി ജനിച്ചവന്‍ എന്നൊരു തോന്നല്‍ . 

                       എത്രയാലോച്ചിട്ടും അതിന്‍റെ പൊരുള്‍ മനസ്സിലാകാത്തതു പോലെ, ജാതിക്കും മതത്തിനുമപ്പുറത്ത് താനൊരു സ്ത്രീയും അവനൊരു പുരുഷനും മാത്രമാകുന്നു . ഇണയോടുള്ള പ്രണയപാരവശ്യമാണോ തനിക്കും? അല്ല അതിനുമപ്പുറം എന്തൊക്കെയാണെന്ന് മനസ്സു പറയുന്നു. വൈരുദ്ധ്യങ്ങളുടെ നടുവിലൂടൊരു യാത്ര തനിക്കു ചേര്‍ന്നതാണോ? മനസ്സിലെ ചിന്തകള്‍ നിയന്ത്രണാതീതമാകുമ്പോള്‍ നേര്‍വഴി കാട്ടിത്തരണമെന്ന പ്രാര്‍ഥനയോടെ നിസ്ക്കാരപ്പായ മടക്കി. അനുസരണയില്ലാത്ത മനസ്സുമായി പിന്നെയും അവനെ സ്വപ്നം കാണാന്‍ പാകത്തില്‍ കട്ടിലില്‍ക്കേറിക്കിടന്നു. 
                                     
                       കോളേജിലെ നവാഗതരെ വരവേല്‍ക്കുന്ന ചടങ്ങില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നേതാക്കള്‍ വന്നു പ്രസംഗിച്ചു അവന്‍റെ മാത്രം വശ്യത്യയാര്‍ന്ന സംസാരവും രൂപവും ഭാവവും മനസ്സില്‍ അന്നേ പതിഞ്ഞു പോയി . എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരം തന്നെ കീഴ്പ്പെടുത്തും പോലെ . അവന്‍റെ ശബ്ദത്തിനുമുണ്ടൊരു വേറിട്ട ഗാംഭീര്യം . ക്ലാസ്സിലിരിക്കുമ്പോള്‍ അവന്‍ വരാന്തയിലൂടെ കടന്നു പോയാല്‍ പിന്നെ അവനെ പിന്തുടര്‍ന്നു പോകയായി തന്‍റെ മനസ്സും ഹൃദയവും. ക്ലാസ്സില്‍ അലസമായിരിക്കുന്ന തന്നെ അദ്ധ്യാപകരും കൂട്ടുകാരും ശ്രദ്ധിക്കാറുമുണ്ട് ‌. എന്നിട്ടും അവനെ കാണാതിരിക്കാനും ശബ്ദം കേള്‍ക്കാതിരിക്കാനും കഴിയുന്നില്ല . തന്‍റെ അടുത്ത കൂട്ടുകാരി റസിയ ഒടുവിലതു കണ്ടുപിടിച്ചു . അവള്‍ സ്നേഹത്തിലും ശാസനയിലും പൊതിഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായിരുന്നുവത് . തന്‍റെ മൌനപ്രണയം തുടരുകയായിരുന്നു. 

                തിരഞ്ഞെടുപ്പില്‍ ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടിയുടെ പ്രതിനിധിയായവന്‍ മത്സരിക്കുന്നുവെന്നറിഞ്ഞു . ക്ലാസ്സില്‍ക്കേറിയിറങ്ങിയവന്‍ ഒരോരുത്തരോടും വോട്ടു ചോദിച്ചു . തന്നോടു മാത്രം ഒന്നും ചോദിച്ചുമില്ല, പറഞ്ഞുമില്ല . ക്ലാസ്സിലെ ഏക പര്‍ദ്ദധാരിണിയായ തന്‍റെ ശരീരം പോലെ മനസ്സും ചുരുക്കി മൂടുപടം അണിഞ്ഞിരിക്കുകയാണെന്നവന്‍ കരുതിയതു കൊണ്ടാവാമെന്നുള്ള കണക്കുക്കൂട്ടല്‍ അസ്ഥാനത്തല്ലായിരുന്നു . അതവന്‍ തന്‍റെ ക്ലാസ്സിലെ മീരാനമ്പീശനോട് പറഞ്ഞു . അനുഭവത്തില്‍ താനങ്ങനെയുള്ള ആളല്ലെന്ന് അവള്‍ക്കറിയാമായിരുന്നതിനാല്‍ തന്നെക്കൊണ്ടവന് വോട്ടു ചെയ്യിക്കാമെന്നു അവളവന് ഉറപ്പും കൊടുത്തു.
 
                 കോളേജു പഠിത്തം നിന്നു പോകുമെന്ന് കരുതി ആശങ്കപ്പെട്ടിരിക്കുമ്പോള്‍ തനിക്കു തുണക്കെത്തിയ ഫിറോസായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഫിറോസിന് വേണ്ടി വോട്ടുപിടിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയെങ്കിലും അവനെതിരെ വോട്ടു പിടിക്കാന്‍ തനിക്കു കഴിഞ്ഞില്ല . കൂടെ പോകുമെന്നല്ലാതെ . റസിയയ്ക്കു മാത്രമറിയാം താന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ആരു ജയിക്കണമെന്നാശിക്കുന്നെന്നും . ഇടക്കിടെയുള്ള അവളുടെ അര്‍ത്ഥം വെച്ചുള്ള മൂളല്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലല്‍പ്പം ഭയം തോന്നാതെയുമിരുന്നില്ല . ഫല പ്രഖ്യാപനം വന്നപ്പോള്‍ അവന്‍  ഒരുവോട്ടിനു ജയിച്ചിരിക്കുന്നു . സുമുഖനും പാട്ടുകാരനുമായ ഫിറോസിന്‍റെ തോല്‍വി ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. അശ്വിനിദേവ് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിനു ജയിച്ചത്‌ ആരുടെ വോട്ടാണെന്നു എല്ലാവര്‍ക്കുമിപ്പോള്‍ നന്നായറിയാം . അവനെ എടുത്തുയര്‍ത്തി സുഹൃത്തുക്കള്‍ തന്‍റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ നന്ദി സൂചകമായി അവന്‍ തന്നെ നോക്കി മന്ദഹസിക്കുന്നതും കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും കൂടി കണ്ടപ്പോള്‍ അതേവരെയുള്ള തന്‍റെ ചെയ്തികള്‍ക്കു മൂകസാക്ഷിയായിരുന്ന റസിയ പൊട്ടിത്തെറിച്ചു . തന്‍റെ പ്രവൃത്തി അപകടത്തിലേയ്ക്കാണെന്നൊരു മുന്നറിയിപ്പും തന്നവള്‍ ഗ്രൌണ്ടു വിടുമ്പോള്‍ അവന്‍റെ വിജയാഹ്ലാദപ്രകടനം തീര്‍ന്നിരുന്നില്ല . കുറെ ദിവസത്തേക്കവള്‍ തന്നോട് മിണ്ടിയില്ല താനും . ദീര്‍ഘകാല സൌഹൃദത്തെക്കാള്‍ തനിക്കു വിലപ്പെട്ടത്‌ അവന്‍റെ കണ്മുനകൊണ്ടുള്ള കടാക്ഷവും മുഖത്തെ മായാത്ത പുഞ്ചിരിയുമാണ് . കോളേജില്‍ നിന്നും വീട്ടിലേക്കും, തിരികെ കോളേജിലെത്തുന്നതും ഫിറോസിനോടൊപ്പമായിരുന്നു . അത് നിലച്ചതു പോലവന്‍ പലപ്പോഴും ഒഴിഞ്ഞുമാറി. തനിക്കും എന്തോ അവനെക്കാണുമ്പോള്‍ വല്ലാത്ത കുറ്റബോധവും വിഷമവും തോന്നാറുണ്ട് അതുകൊണ്ടു തന്നെ അവന്‍റെ മുന്നില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രമിച്ചു.


 
                തന്‍റെ പ്രണയം നാള്‍ക്കുനാള്‍ വളര്‍ന്നു തളിര്‍ത്തു പൂത്തു തുടങ്ങിയിട്ടും അവനില്‍ നിന്നും നല്ലൊരു പ്രതികരണം കിട്ടുന്നില്ലായെന്ന നിരാശ താനൊരിക്കല്‍ റസിയയോട് തുറന്നു പറയേണ്ടി വന്നു. അദ്ധ്യയനവര്‍ഷം തീരാറായി  വീട്ടില്‍ ചെന്നാലുടന്‍ നിക്കാഹ് ഉറപ്പാണ്‌ . തന്‍റെ ആഗ്രഹത്തിനു മാത്രമായി എന്തോ ത്യാഗം ചെയ്യുമ്പോലെയാണ് ഉമ്മ പഠിക്കാനയക്കുന്നത് . പെണ്ണു വല്ല എടാകൂടത്തിലും ചെന്നുപെടുമോ എന്ന ശങ്ക എന്നും ഉമ്മക്കുണ്ടായിരുന്നു . വാപ്പയുടെ ഉറപ്പിന്മേല്‍ കടന്നു പോയ പഠിത്തം ഇനിയൊരു പക്ഷെ അവധി കഴിയുമ്പോഴേയ്ക്കും താന്‍ ആരുടെയെങ്കിലും മണവാട്ടിയായി അറയില്‍ കൂടിയിട്ടുണ്ടാവും . ഇല്ല, അതിനു മുന്‍പ്‌ എല്ലാം അവനോടു തുറന്നു പറയണം . സന്ദര്‍ഭങ്ങളൊരുപാട് ഒത്തു വന്നിട്ടും അവന്‍ ഒഴുക്കന്‍ മട്ടില്‍ തെന്നിമാറി . അവന്‍ തന്‍റെ പ്രണയത്തെ അംഗീകരിക്കുന്നില്ലേ? അതറിയണം . അവന്‍റെ ശരീരഭാഷയും പ്രണയം തുളുമ്പുന്ന സംസാരവുമെല്ലാം തന്‍റെ ഉറക്കം കെടുത്തിയപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിലവന്‍ നടന്നു . ആശാന്‍റെ കരുണയിലെ ഉപഗുപ്തനെപ്പോലെ .

                         
                             രമ്യയുടെ വിവാഹത്തിനു പോയപ്പോഴാണ് അവനുമായി ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയാനും ഊണു കഴിയ്ക്കാനും സാധിച്ചത് . തന്‍റെ ഇംഗിതം തുറന്നു പറയാന്‍ അല്‍പ്പം മടിയുണ്ടെങ്കിലും പറയാതെ വയ്യല്ലോ . തന്‍റെ ചേഷ്ടകളും സംസാരശൈലിയും കണ്ടാലവനു മനസ്സിലാകേണ്ടതാണ്. എന്നിട്ടുമവന്‍ കേവലമൊരു  സഹപാഠിയോടുള്ള സ്നേഹം പോലെ അകലം സൂക്ഷിച്ചുവോ? അന്നും നിരാശയോടെ തന്‍റെ മനസ്സ് തുറക്കാതെയാണു മടങ്ങേണ്ടതെന്നോര്‍ത്തപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത് . പുതു മണവാട്ടി രമ്യ അവനോടെന്തോ ചെവിയില്‍ പറഞ്ഞപ്പോള്‍ വശ്യമായ പുഞ്ചിരിയോടെ തന്നെ മിഴി മുനകൊണ്ട് കല്യാണ മണ്ഡപത്തിന്‍റെ പിറകിലേക്ക് ക്ഷണിച്ചു , തന്‍റെ മുഖത്തുനിന്നും മുഖംമൂടി മാറ്റി , അത്ഭുതത്തോടെ മുഖം അവന്‍റെ കൈകളാല്‍ തഴുകി, മൈലാഞ്ചിക്കൈ പിടിച്ചുമ്മ വച്ച്, അനുരാഗപാരവശ്യത്താല്‍ സ്ഥലകാലം മറന്ന കമിതാക്കളെപോലെ ഏന്തിനൊക്കെയോ മോഹിച്ചു നിന്നപ്പോള്‍ ആള്‍ക്കൂട്ടം സദ്യയുണ്ണാന്‍ തിരക്കുക്കൂട്ടി . ഒടുവില്‍ വൈകുന്നേരം വിളിക്കാമെന്നു പറഞ്ഞു പിരിഞ്ഞു . ഇത്രയും അടുത്തിടപഴകാന്‍ കഴിഞ്ഞതിന്‍റെ ഒരു സുഖവും ആലസ്യവും ആദ്യമായിട്ടറിഞ്ഞ സഫിയക്ക്‌ എങ്ങിനെയും ഒന്നു രാത്രിയായി അവനുമായിട്ടൊന്നു മനസ്സുതുറക്കണം . ഹോസ്റ്റലില്‍ മിക്കവാറും മുറികള്‍ ശൂന്യമായിരുന്നു . പരീക്ഷയും കഴിഞ്ഞു എല്ലാവരും യാത്രയായി . വണ്ടിസൌകര്യം നോക്കി ഒന്നുരണ്ടു പേര്‍ യാത്ര നാളത്തേക്ക് മാറ്റി . താനും ഇന്ന് വൈകുന്നേരം പോകാനിരുന്നതാണ് . കൂട്ടുകാര്‍ ചിലര്‍ ചോദിക്കുകയും ചെയ്തു ഇന്നെന്താ പോകാത്തെതെന്നു. വയ്യാഴിക നടിച്ചു കട്ടിലില്‍ക്കയറിക്കിടന്നു.

                      തന്‍റെ പ്രിയപ്പെട്ടവന്‍ ഇന്ന് വിളിക്കും അയാളോടൊത്തുള്ള ജീവിതത്തിന്‍റെ ചിത്രം വരച്ചു പൂര്‍ത്തിയാക്കാന്‍ രാത്രിവരെ കാത്തു കിടക്കുവാണെന്നു ഇത്തിരി ഉച്ചത്തില്‍ ഗര്‍വ്വോടെ പറയണമെന്നുണ്ട്. പക്ഷെ പറഞ്ഞില്ല . കോളേജിലെ പ്രണയവും മധുരം നുണയലുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഒരു നേരമ്പോക്ക് ഇവിടെ തന്നെ ഉപേക്ഷിച്ചു പോകയാണ് . മുട്ടിയുരുമ്മിയിരുന്നു സിനിമ കണ്ടതും കറങ്ങി നടന്നതുമെല്ലാം പ്രായത്തിന്‍റെ വികൃതിയാല്‍ തോന്നിയത് എന്നാശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നു . പക്ഷെ ഞങ്ങള്‍ തമ്മില്‍ അടുത്തിഴ പഴകിയിട്ടില്ല ഒരു ചെമ്പനീര്‍ പൂവ് അവനോ ഞാനോ പരസ്പ്പരം കൈമാറിയിട്ടില്ല, ഒരു ജന്മദിന സന്ദേശമോ ഉപഹാരങ്ങളോ കൊടുത്തിട്ടുമില്ല . പക്ഷെ ഇവര്‍ കാണുന്ന ലാഘവത്തോടെ ഈ ബന്ധത്തെക്കാണാന്‍ തനിക്കു കഴിയുന്നില്ലല്ലോ?
 

         സന്ധ്യ കഴിഞ്ഞിട്ടും വിളി വന്നില്ല . തന്നെ പറഞ്ഞു പറ്റിച്ചതാവുമോ . മുറിയില്‍ എകാകിയയപ്പോള്‍ ജനാലക്കു വെളിയില്‍ നിലാവിന്‍റെ മേലാപ്പണിഞ്ഞു കോരിത്തരിച്ചു നില്‍ക്കുന്ന പ്രകൃതി. ഇണചേരാന്‍ വെമ്പുന്ന ജീവികള്‍ പോലെ ആകെ കുളിരണിഞ്ഞു നില്‍ക്കുന്ന കാഴ്ച അവളേയും ഉന്മാദിനിയാക്കി. അനുരാഗത്തിന്‍റെ മൂര്‍ത്തിമദ് ഭാവത്തില്‍ മാംസ പുഷ്പങ്ങള്‍ ഇതുപോലുള്ള രാത്രിയില്‍ വിടരാന്‍ വെമ്പുന്ന പല കഥകളും പണ്ട് തന്നെ വികാരതരളിതയാക്കിയിട്ടുണ്ട് . പുഴ നീന്തി പ്രണയസമാഗമത്തിനെത്തിയ  ഉണ്ണിയാര്‍ച്ചയുടെ ചന്തു, അഞ്ജനക്കണ്ണെഴുതി മുടിയില്‍ മുല്ലപ്പൂചൂടി മട്ടിപ്പാല്‍ പുകച്ചു നാലംകുളിയും കഴിഞ്ഞു കാത്തിരുന്ന ഉണ്ണിയാര്‍ച്ച.  ആ വികാരവായ്പ്പോടെ അവള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു . എപ്പോഴോ ഒന്നു മയങ്ങി ഉറക്കത്തില്‍ അവന്‍റെ ആലിംഗനത്തിലമര്‍ന്നു ചുംബനങ്ങള്‍ തന്നെ മറ്റേതോ ലോകത്തേയ്ക്കാനയിക്കുന്ന മൂര്‍ദ്ധന്യാവസ്ഥയിലാണ് ഫോണ്‍വിളി കേട്ടുണര്‍ന്നത് ‌. അതിന്‍റെ ഒരാലസ്യം തന്‍റെ വാക്കുകള്‍ക്കും ഉണ്ടായിരുന്നു.
 
             ''ഉറങ്ങിയോ? ഏതോ സ്വപ്നത്തില്‍ നിന്നുണര്‍ന്നതു പോലുണ്ടല്ലോ ." വളരെ പതുങ്ങിയ ശബ്ദം .

              ''ഹൂം ." തന്‍റെ മൂളലില്‍ അവന് തന്‍റെ മനോഗതം മനസ്സിലായ പോലെ .

               ''പെണ്ണിനെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയെടുക്കുന്നതാണ് കുടുതല്‍ രസം.''
 
              എന്താണവന്‍ അതുകൊണ്ട് ഉദ്ദേശിച്ചതെന്നറിയില്ല . ആ വാക്കുകള്‍ കേട്ടപ്പോള്‍ താനാകെ പൂത്തുലഞ്ഞപോലെ  അവന്‍റെ സംസാരം പിന്നീടെപ്പൊഴോ ഗതിമാറി . വേദങ്ങളിലും ഉപനിഷത്തുകളിലും അയാളുടെ ആചാരാനുഷ്ഠാനങ്ങളിലേക്ക് വഴുതി . രാവിന്‍റെ ഏകാന്തതയില്‍ ഒരു ചെറുപ്പക്കാരിയെ വിളിച്ചുണര്‍ത്തി പറയാന്‍ കണ്ട വിഷയം ! അവള്‍ക്കാകെ വല്ലാത്തൊരു മുഷിപ്പു തോന്നി.ഒടുവില്‍ ക്ഷമ നശിച്ചവളെപ്പോലെയവള്‍ അവനോടു ചോദിച്ചു:
 
                "തന്‍റെ ഹൃദയത്തില്‍ എനിക്കെന്താ സ്ഥാനം ?''

                ''എന്തായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് ?''
 
 മറുചോദ്യം ചോദിച്ചവന്‍ തന്‍റെ വായടപ്പിച്ചപ്പോള്‍ കുറെ നേരത്തേക്ക് ഒന്നും മിണ്ടാതെ ഫോണ്‍ ചെവിയില്‍ വെച്ചു കൊണ്ടിരുന്നു . അവന്‍ തന്നെ മൌനം ഭഞ്ജിച്ചു.

                ''എന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ലക്ഷ്മിയാണ്‌ നീ .''

                ''എന്‍റെ സഫിയ എന്നുള്ള പേരും മാറ്റിയോ ?''

                ''ഇല്ല നീ സഫിയയല്ല, എന്‍റെ ലക്ഷ്മി, അങ്ങനെയേ ഞാന്‍ വിളിക്കൂ .''

                ''എന്‍റെ പേരു വിളിച്ചാല്‍ മതി . അതാണെനിക്കിഷ്ട്ടം .''
 
അവന്‍ പലതും പറഞ്ഞുകൊണ്ടേയിരുന്നു . അവനെ ചൊടിപ്പിയ്ക്കാനെന്നവണ്ണം അവളും എന്തൊക്കെയോ പറഞ്ഞു . പെട്ടെന്നവന്‍റെ ഭാവം മാറി .

          ''നീയെന്താ എന്നെപ്പറ്റിക്കരുതിയത് ? ഒരു പീറപ്പെണ്ണിന്‍റെ പഞ്ചാരവാക്കില്‍ മയങ്ങി വീഴുമെന്നോ ? ഞാനൊരു ബ്രാഹ്മണനാണ് . എന്‍റെ മതാചാരങ്ങള്‍ വിട്ടെറിഞ്ഞ്‌ അബുവോ കോയയോ ആവാന്‍ കഴിയില്ലാ .'' 

 ഇത്രയ്ക്കു രൂക്ഷമായി വിമര്‍ശിക്കത്തക്കവണ്ണം താനെന്താണ്‌ പറഞ്ഞത് ? അവന്‍ പറഞ്ഞു തന്ന ഗായത്രി മന്ത്രവും ഹരിനാമ കീര്‍ത്തനവും മടികൂടാതെ ചൊല്ലി . പകരം താന്‍ കലിമ ചൊല്ലാന്‍ പറഞ്ഞതേയുള്ളൂ . അപ്പോഴേക്കും ക്ഷുഭിതനാകേണ്ടതുണ്ടോ ? അവന്‍റെ വിശ്വാസങ്ങളെ അംഗീകരിക്കാന്‍ തന്‍ തയ്യാറാണ് . പിന്നെന്തുകൊണ്ട് തിരികെയൊരു വിശാലത അവന്‍ കാട്ടുന്നില്ല ? 

 ഇതാണൊരു നല്ല മുഹുര്‍ത്തം . ആളുകളെ അടുത്തറിയാന്‍. ‍ വേണ്ടാ, ഒന്നിച്ചൊരു ജീവിതം തുടങ്ങിക്കഴിഞ്ഞു . വിട്ടുവീഴ്ചയില്ലാതെ പെരുമാറിയാല്‍ എന്താവും തന്‍റെ സ്ഥിതി ? അവനു അവന്‍റെ വഴി,  എനിക്കെന്‍റെ വഴി . ഇടക്കെപ്പൊഴോ തോന്നിയ മനസ്സിന്‍റെ ഇളക്കം, അതു മറക്കാനും പൊറുക്കാനും തനിക്കു കഴിയണം . യാഥാസ്ഥിതിക കുടുംബത്തിലെ താന്‍ ഒരു എടുത്തുചാട്ടം നടത്തി പേരുകേട്ട തറവാടിന്‍റെ പേരും പെരുമയും കളയേണ്ടതുണ്ടോ? വഴിയോരത്ത് കണ്ണും നട്ടു  തന്‍റെ വരവും കാത്തു നില്‍ക്കുന്ന തന്‍റെ ഉമ്മച്ചിയുടെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു . അവധിക്കു ചെല്ലുമ്പോള്‍ ആവര്‍ത്തിച്ചു പറയുന്ന ഉപദേശവുമോര്‍ത്തു. 

         ''പെങ്കുട്ടിയോള് ചീത്തയായാല്‍ പഴി പറേന്നത്‌ ഉമ്മാമാരെയാ, അങ്ങനെ വല്ലതും വന്നാല്‍ നീ തിരികെ വരുമ്പോള്‍ ഉമ്മാന്‍റെ മയ്യത്തേ ഇവിടെ കാണൂ .''
           
 അയല്‍പ്പക്കത്തെ ആയിഷത്താത്തയുടെ മോള് ഒളിച്ചോടിപ്പോയ അന്നുമുതല്‍ തുടങ്ങിയ ആധിയാണ് ഉമ്മയ്ക്ക് .
         
              "ഇല്ലുമ്മാ, ഉമ്മാടെ മോള് ചീത്തയാവില്ല ."  

ബസ്‌സ്റ്റാന്‍റിലെ തിരക്കിനിടയിലും തന്നെ കൂട്ടാന്‍ വെയിലത്തോടിയെത്തിയ ഫിറോസിന്‍റെ മുഖത്തേക്കു നോക്കാന്‍ ചമ്മലായിരുന്നു . അവന്‍ പതിവുപോലെ തന്നേയും കൂട്ടി മില്‍മാ ബൂത്തില്‍ നിന്നും ചായയും കുടിച്ച് ഒന്നും സംഭവിച്ചിട്ടില്ലായെന്നു തന്നെ ബോദ്ധ്യപ്പെടുത്തി . അടുത്തടുത്ത സീറ്റില്‍ തൊട്ടുരുമ്മിയിരുന്നു യാത്ര തുടര്‍ന്നു, ജീവിതയാത്രപോലെ.   
 

0 comments:

Post a Comment

Adz