ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മൌനനൊമ്പരം


                                     സാധാരണ ഓഫീസില്‍ നിന്നും ആദ്യം ഇറങ്ങുന്നത് താനായിരിക്കും. അല്‍പ്പം നേരത്തേയിറങ്ങിയാല്‍ കിട്ടുന്ന ബസ്സില്‍ക്കേറി പാസഞ്ചര്‍ ട്രെയിന്‍  കിട്ടിയാല്‍ രാവേറെയാകും മുന്‍പ് വീടു പിടിക്കാം. ഭാര്യക്കാണേല്‍ സന്ധ്യയായാല്‍ പേടിയാണ്. കൂട്ടിനുള്ളത് അവളുടെ കണ്ണിനു കാഴ്ച കുറഞ്ഞ അമ്മയും. അഥവാ എപ്പോഴെങ്കിലും ട്രെയിനൊന്നു കിട്ടാതെ വന്നാല്‍ വീട്ടിലെത്തുമ്പോള്‍ രാത്രി നന്നേ ഇരുട്ടിയിട്ടുണ്ടാവും. തന്നേയും കാത്തുള്ള ഇരുപ്പും കൂടെക്കഴിക്കാനുള്ള പിടിവാശിയും എല്ലാം കൂടി ശകാരത്തിന്‍റെ രൂപത്തിലാവും പുറത്ത് വരിക. അതിങ്ങനെ തോരാതെ ചാറ്റല്‍ മഴപോലെ നീളും.  അതു പേടിച്ചു വഴിമധ്യേ കാണുന്ന സുഹൃത്തുക്കളോടു കുശലം പറയാന്‍ പോലും നില്‍ക്കാറില്ല. ബാഗുമെടുത്ത് ബസ്സ്റ്റോപ്പിലെത്തിയപ്പോഴാണ് ഒരു ഞടുക്കത്തോടെ ഓര്‍ത്തത് ഇന്നല്ലേ അവള്‍ ചെക്കപ്പിനു പോകുന്ന ദിവസം. അത് കഴിഞ്ഞെത്തുന്ന ദിവസം പലപ്പോഴും വഴക്കും ബഹളവും ആയിരിക്കും. പറച്ചില്‍ കേട്ടാല്‍ തോന്നും താന്‍ മനപ്പൂര്‍വ്വം കുട്ടികള്‍ ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നെന്ന്‍. അവളോളം തീവ്രത അക്കാര്യത്തില്‍ താന്‍ പ്രകടിപ്പിക്കാറില്ല, അതവളെ ദുഖിപ്പിക്കുമെന്നു   കരുതി.
                 
                                 വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. ആദ്യമാദ്യം ഉടനെ കുട്ടികള്‍ വേണ്ടെന്ന നിലപാടായിരുന്നു തങ്ങളുടേത്. കുറെക്കഴിഞ്ഞപ്പോള്‍ അവള്‍ അതേച്ചൊല്ലി വേവലാതിപ്പെട്ടപ്പോള്‍ 'ദൈവം നിശ്ചയിക്കുമ്പോള്‍ കിട്ടുമെന്ന്' താനുമവളെ ആശ്വസിപ്പിച്ചു. അമ്പലങ്ങളിലും മറ്റു ആരാധനാലയങ്ങളിലും നേര്‍ച്ച വഴിപാടുകള്‍ കഴിച്ചു. ഒടുവില്‍ ഓഫീസിലെ സംസാരമധ്യേ സുഹൃത്തുക്കളില്‍ ചിലര്‍ ഉപദേശിച്ചു,
           
                           ''ഈ ശാസ്ത്രയുഗത്തിലും നിങ്ങളെപ്പോലുള്ളവര്‍ ഈ അന്ധവിശ്വാസങ്ങളില്‍ പെടാതെ രണ്ടാളും കൂടി ഒരു വന്ധ്യതാ ചെക്കപ്പ് നടത്തണം. നിസ്സാര ചികിത്സകൊണ്ട് ചിലപ്പോളത് പരിഹരിച്ചേക്കാം. സമയം ഇനി വൈകിക്കരുത്.'
       
               
                           ആ അഭിപ്രായം തനിക്കും സ്വീകാര്യമായിരുന്നു. അങ്ങനെ പട്ടണത്തില്‍ ദമ്പതിമാര്‍ നടത്തുന്ന ക്ളിനിക്കില്‍ പോകാമെന്ന് മനസ്സില്‍ക്കരുതി. വീട്ടിലെത്തി അവളോടതു പറഞ്ഞപ്പോള്‍ ആദ്യമൊരു വിമുഖത കാട്ടി. അകലെ ഒരു ആശ്രമത്തിലെ സന്യാസി മന്ത്രിച്ചു കൊടുക്കുന്ന ഏലസ്സ് രണ്ടാളും കെട്ടിയാല്‍ ഉടനെ കുട്ടികള്‍ ഉണ്ടാവുമെന്ന് ആരോ അവളോട്‌ പറഞ്ഞുവത്രേ. അതിനും താനൊരു മറുപടികൊടുത്തു 'അതും നടക്കട്ടെ കൂടെ ഈ പരിശോധനയും നടക്കട്ടെ'. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണവള്‍ വന്നത്. വിദഗ്ധമായ പരിശോധന വേണ്ടിവരുമെന്നും അതിനു മനസ്സും ക്ഷമയും വേണമെന്നും ഡോക്റ്റര്‍ പറഞ്ഞു. ആദ്യപടിയായി രണ്ടു ദിവസം ഭാര്യയെ അവിടെ കിടത്തി ചില പരിശോധനകള്‍ക്ക് വിധേയമാക്കണം. ഫലത്തിന്‍റെ വെളിച്ചത്തില്‍ ചികിത്സ തുടങ്ങാം.
           

                             ജോലിക്കാര്‍ കുറവായ റവന്യൂ ഓഫീസിലെ തിരക്കുമൂലം അവളോടൊത്ത് നില്‍ക്കാന്‍  കഴിഞ്ഞില്ല പകരം തന്‍റെ സഹോദരി കൂട്ടിന്നു വന്നു. അവളാണേല്‍ കടന്നല്‍ കുത്തിയ മുഖവുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ വിഷമമാണ് തോന്നിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതൊരു പെണ്ണും തന്‍റെ ഭര്‍ത്താവിന്‍റെ സാമീപ്യം കൊതിക്കും. മനപ്പൂര്‍വ്വമല്ലെങ്കിലും പരിഭവം കാണുമ്പോള്‍ വിഷമം. പിന്നീടുള്ള പല ചെക്കപ്പുകള്‍ക്കും അവള്‍ ചേച്ചിയെക്കൂട്ടിയാണ് പോയത്. പോയി വരുന്ന ദിവസം തന്നോടൊന്നും മിണ്ടില്ല. ആഹാരം വിളമ്പിത്തരാനോ കൂടെക്കഴിയ്ക്കാനോ വരില്ല. അവള്‍ കരയുകയാ ണെന്നു തൊട്ടടുത്ത്‌ കിടക്കുന്ന തനിക്കറിയാം. ഒന്ന് സാന്ത്വനിപ്പിക്കാമെന്നു കരുതിയാല്‍ ഒരു പൊട്ടിത്തെറിയാവും ഫലം. അതിനാല്‍ അതുമില്ല നിശ്ശബ്ദം കിടക്കും.
         

                     ഇക്കുറി കാര്യം കുറേക്കൂടി ഗൌരവമാര്‍ന്നതാണ്. ഇന്ന് താനും ഒപ്പം ചെല്ലണമെന്ന് ഡോക്റ്റര്‍ നിര്‍ബന്ധമായും പറഞ്ഞിരിക്കുന്നു. പോകാന്‍ മനസ്സുകൊണ്ട് തെയ്യാറെടുത്തതുമാണ്. അപ്പോഴാണ് രാത്രിയില്‍ കലക്റ്ററുടെ വിളി വന്നത്. നാളത്തെ മന്ത്രിസഭയില്‍ വെക്കാനുള്ള ഒരു ഫയല്‍ അടിയന്തിരമായി അദ്ദേഹത്തിന്‍റെ ഓഫീസില്‍ രാവിലെ എത്തിക്കണമെന്നു. എല്ലാ കുറ്റങ്ങളും തീര്‍ത്തു വേണമല്ലോ സര്‍ക്കാരിന്‍റെ മേശപ്പുറത്തു ഫയല്‍ വെക്കാന്‍. അതിനാല്‍ രാവിലെ നേരത്തെ എണീറ്റ്‌ ഉച്ചയ്ക്കു മുന്‍പ് തിരിച്ചെത്താമെന്നവളോട് പറഞ്ഞിട്ടാണ് പോന്നത്. ഓരോ പേപ്പറും പരിശോധിക്കുമ്പോഴും സമയം നീളുമ്പോഴും അവളുടെ അസ്വസ്ഥമായ മുഖവും ദ്വേഷ്യവുമാണ് മനസ്സാകെ നിറഞ്ഞു നിന്നത്. തിരക്കുമൂലം എല്ലാം മറന്നു. ഊണും കൊണ്ട് വരാഞ്ഞതിനാല്‍ കഴിച്ചത് ശരിയായില്ല. എല്ലാം കഴിഞ്ഞു തിരികെ ഓഫീസിലെത്തിയപ്പോഴാണ് ചെല്ലാമെന്നേറ്റ കാര്യം ഓര്‍ത്തതു തന്നെ. ഇന്ന് ആരെയാണാവോ കണികണ്ടത് ഇന്നു വീട്ടില്‍ ചെന്നാലത്തെ സ്ഥിതി ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു ആന്തല്‍ .
                       

                                    വണ്ടി കേറും മുന്‍പ് കാന്‍റീനില്‍ നിന്നും ദോശയും വടയും ചായയും കഴിക്കാറുണ്ട്. ഇന്നു മനസ്സിന്‍റെ വേവലാതികള്‍ മൂലം ഒന്നും തരപ്പെട്ടില്ല. അടുത്തു വരുന്ന  ട്രെയിനാണേല്‍ ഒരു മണിക്കൂര്‍ വൈകിയേ എത്തൂ. എല്ലാം കൂടിയാലോചിച്ചപ്പോള്‍ ആകെ ക്ഷമ നശിച്ചവനെപ്പോലെ സിമന്‍റു ബെഞ്ചില്‍ തളര്‍ന്നിരുന്നു. ബാഗിലവശേഷിച്ച വെള്ളവും കുടിച്ചയാള്‍  ആള്‍ക്കൂട്ടത്തെ നോക്കിയിരുന്നു. എല്ലാറ്റില്‍ നിന്നുമൊരു ശാന്തതക്കായി മനസ്സാഗ്രഹിച്ചു.
           

                              സാധാരണയില്‍ക്കവിഞ്ഞു ചെന്ന് കേറുമ്പോള്‍ അവള്‍ വാതുക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. തന്നെ കണ്ടപാടെ തുലാവര്‍ഷത്തെ മഴപോലെ ഇടിയും വെട്ടി തകര്‍ത്തു പെയ്യാന്‍ തുടങ്ങി. പെയ്തൊഴിയട്ടേയെന്നു താനും കരുതി. സംസാരം മുറുകിയപ്പോള്‍ തന്‍റെ അലച്ചിലും വേവലാതിയും അവളും മനസ്സിലാക്കുന്നില്ലല്ലോ എന്നൊരു സങ്കടം തനിക്കും. വിശപ്പിനേക്കാളും ദാഹത്തേക്കാളും വലുതായിരുന്നു അവള്‍ ഒടുവില്‍ പറഞ്ഞ വാക്കുകള്‍ ‍. ചികിത്സയില്‍ അവള്‍ക്കു കുഴപ്പമൊന്നുമില്ല. അവളുടെ കുടുംബത്തില്‍ ആരും പ്രസവിക്കാത്തവരുമില്ല. കുട്ടികള്‍ ഉണ്ടാകാത്തത് തന്‍റെ കഴിവില്ലായ്മ എന്നൊരു ധ്വനി ആ വാക്കുകളിലുടനീളം ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ അമ്മയും തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. ഒരു പുരുഷന്‍റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്ന സംസാരം നീണ്ടപ്പോള്‍ പതിയെ മുറ്റത്തേക്കിറങ്ങി.
             

                            അപ്പോഴാണ്‌ മിന്നായം പോലെ താന്‍ ജീവിതത്തില്‍ നിന്നും മറന്നുകളഞ്ഞ ഒരു അദ്ധ്യായം തുറന്നു വന്നത്. യൌവ്വനത്തിന്‍റെ ചാപല്യത്തില്‍ പറ്റിപ്പോയ പിഴവിനെ പറ്റി. തന്നെക്കാള്‍ മുതിര്‍ന്ന, കെട്ടുപ്രായം കഴിഞ്ഞ വാല്യക്കാരിയോടു തോന്നിയ കമ്പം. പല രാത്രികളിലും അവരുമായി നിലാവെളിച്ചത്തില്‍ ഇരുന്നിട്ടുണ്ട്. ഒടുവിലവര്‍ ഗര്‍ഭിണിയാണെന്നു മനസ്സിലായപ്പോള്‍ കുടുംബത്തിന്‍റെ മാനം പോകുമെന്നതിനാല്‍ തന്നെ അമ്മ  ബോംബേയ്ക്കു നാടുകടത്തി. അവരെ കുറെ പണം കൊടുത്തു ഒത്തു തീര്‍പ്പാക്കിയിരിക്കാം. താനന്നു ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഒടുവില്‍ പഠിത്തം കഴിഞ്ഞു വല്യച്ഛന്‍റെ മരണത്തിനാണ് രണ്ടു കൊല്ലം കൂടി നാട്ടില്‍ വന്നത്. വേലിയരുകില്‍ അവര്‍ ഒക്കത്തൊരു കൊച്ചുമായി നില്‍ക്കുന്നു. തന്‍റെ ഉള്ളാകെ പതറി. അടിമുടി വിറച്ചു. കാണാതിരിക്കാന്‍ ശ്രമിച്ചു. അന്ന് വൈകുന്നേരം ഗ്രന്ഥശാലയില്‍ വെച്ചു കണ്ട തന്‍റെ ബാല്യകാല സുഹൃത്തു പറഞ്ഞു
         

                  ''എടാ അവന്‍ നിന്നെപ്പോലെ തന്നെ. നിന്‍റെ കവിളത്തെ മറുകും നിറവുമെല്ലാം അവനുമുണ്ട്. കൊച്ചുകള്ളന്‍ പണി പറ്റിച്ചല്ലോ.'' കേട്ടുനിന്നതല്ലാതെ ഒന്നുംമിണ്ടിയില്ല .
         

               പിന്നീട് ജോലികിട്ടി, വിവാഹം, അതെല്ലാം മുറപോലെ നടന്നു. ആ കഥകളൊന്നും പിന്നീടോര്‍ത്തതുമില്ല. കഴിഞ്ഞ വര്‍ഷം ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ശബരിമലയില്‍ പോയി. അവിടെ വെച്ചുകണ്ട പഴയ സുഹൃത്ത് പറഞ്ഞു.
              ''എടാ അവനിപ്പോള്‍ വളര്‍ന്നു. ഒറ്റനോട്ടത്തില്‍  കണ്ണു പൊട്ടനും പറയും നിന്‍റെ മോനാണെന്നു. അവനാ ദാരിദ്ര്യത്തില്‍ വളരേണ്ടവനാണോ? നിന്‍റെ ചോരയല്ലേ? നിനക്കോ കുട്ടികളില്ല. അവനെ ഏറ്റെടുത്തു നല്ല വിദ്യാഭ്യാസം കൊടുക്കണം. അല്ലേല്‍ നീയി മലചവുട്ടുന്നതില്‍ ഫലമില്ല. ശാസ്താവ് നിന്നോട് പൊറുക്കില്ല." ഒന്നും മറുപടി പറയാതെ തിരിഞ്ഞു നടക്കാനേ കഴിഞ്ഞുള്ളൂ. ശാസ്താവ് തന്നെ ശപിച്ചുണ്ടാവുമോ?
             
                   അതെ, നിലാവെളിച്ചത്തില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ താന്‍ മാത്രം ചെയ്തു പോയ പാപത്തിന്‍റെ വിഴുപ്പും പേറി നിസ്സഹായനായി നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ കേള്‍ക്കത്തക്കവിധം വിളിച്ചു പറയണമെന്നുണ്ട്, ''ഞാന്‍ വന്ധ്യനല്ല എനിക്കുമുണ്ടൊരു മോന്‍, എന്‍റെ രൂപത്തിലൊരു മോന്‍''. ആശ മാത്രം നെഞ്ചിന്‍ കൂടിലൊതുക്കി ആദ്യമായി അവനെയോര്‍ത്തു മനസ്സു തേങ്ങി.

കൂട്ടം തെറ്റിയ പക്ഷി


                ആതുരാലയത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു. പരിചിതര്‍ക്കല്ലാതെ പരസ്പ്പരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരുട്ട്. അതിനു വേണ്ടിയാണല്ലോ താനിതുവരെ മുറിയൊഴിയാനും താമസിച്ചത്. ആഹാരവും തേടി അന്തിക്ക് കൂടണയാന്‍ കലപില കൂട്ടുന്ന പക്ഷികളെപ്പോലെ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കുന്നവരും സന്ദര്‍ശനം കഴിഞ്ഞു തിരികെ അവനവന്റെ മാളത്തിലേക്ക് കയറാന്‍ തിടുക്കം കൂട്ടുന്ന ആള്‍ക്കാരെയും ശ്രദ്ധിച്ചുകൊണ്ടായിരുന്നു അവള്‍ പടികളിറങ്ങിയത്. വിവാഹിതയല്ലാത്ത ഒരു പെണ്‍കുട്ടിയെ 'സ്ത്രീകളുടെയും കുട്ടികളുടെയും' ആശുപത്രിയില്‍ തനിച്ചുകണ്ടാല്‍ എന്താവും നാട്ടില്‍ പടരാന്‍ പോകുന്ന വാര്‍ത്ത. ഓര്‍ത്തപ്പോള്‍  ഭയമായി  ഇവിടെ വന്നിറങ്ങുമ്പോള്‍ കഴുത്തിലൊരു താലിയും അടിവയറ്റില്‍ വളരുന്ന അദ്ദേഹത്തിന്റെ കുട്ടിയുമുണ്ടായിരുന്നു. കലാലയ പ്രണയത്തില്‍ വഴുതി വീണ തനിക്കു പ്രിയപെട്ടവാന്‍ സമ്മാനിച്ച ജീവന്റെ കുരുന്നു.  അദ്ദേഹത്തിന്റെ അധിക പ്രേരണയാലാണ്  ഒഴിവാക്കാന്‍ തുനിഞ്ഞത്. തന്റെ ഭാവിയെക്കരുതിയുള്ള അദ്ധേഹത്തിന്റെ ആകുലതലകള്‍ തന്നെയായിരുന്നു. തറവാടികളായ അവരുടെ കുടുംബത്തില്‍ കയറിചെല്ലുന്ന മരുമകള്‍ ദരിദ്രയെന്നതു ഒരു പ്രശ്നമല്ല പക്ഷെ സ്വഭാവ ശുദ്ധിയുണ്ടാകണമെന്നത് നിര്‍ബന്ധം.അങ്ങനെ  പറഞ്ഞാണു തന്നെ സമ്മതിപ്പിച്ചത് തന്നെ.  

                      തികച്ചും അവിചാരിതമായ കണ്ടുമുട്ടലായിരുന്നു ഞങ്ങളുടേത്.  കോളേജു ഗായികയായ തന്റെ ഗാനമേള പരിപാടിക്ക് ആദ്യമായ് റിഹെഴ്സല്‍ ക്യാമ്പില്‍ എത്തിയതാണ് ജിതേഷ്. റിഹെഴ്സല്‍ കഴിഞ്ഞു തിരകെ പോകുമ്പോള്‍ തനിക്കൊരു ചെറിയ സമ്മാനവും തന്നു ,അതൊരു തുടക്കമെന്നു താനൊരിക്കലും കരുതിയുമില്ല. എത്രയോ ഗാനമേളകള്‍, വേദിയില്‍ പൂവും പാരിതോഷികങ്ങളും സമ്മാനിക്കുന്നു. അവര്‍ക്കെല്ലാം പ്രണയമെന്നു കരുതാനാവുമോ. ഒരു സാംസ്കാരിക സമതി സംഘടിപ്പിച്ച ഗാനമേളക്ക് ശേഷമുള്ള സല്‍ക്കാരം അവരുടെ വീട്ടില്‍ വെച്ചായിരുന്നു. അവരെല്ലാവരും തന്നെ നന്നായി പ്രസംശിച്ചു. ഭക്ഷണം  കഴിഞ്ഞെണീക്കുമ്പോള്‍ അയാളുടെ കണ്ണിലാണ് ആദ്യമായി പ്രണയം കണ്ടത്. പിന്നീടുള്ള എല്ലാ പരിപാടിക്കും അയാളെത്തിയത് തന്നോടുള്ള ആരാധനയില്‍ പൊതിഞ്ഞൊരു രക്ഷകര്‍തൃത്വം ഏറ്റെടുത്തപോലെ. ഓര്‍ക്കെസ്ട്ര വായിക്കുന്നവരുടെ സ്നേഹാദരങ്ങളും പ്രീതിയും പിടിച്ചു പറ്റാനും എളുപ്പത്തിക്കഴിഞ്ഞു.അവരുടെ മൌനാനുവാദത്തോടെ പരിപാടിക്ക് പോകുമ്പോള്‍ ഒന്നിച്ചുരുമ്മിയിരുന്നു യാത്ര പോകാനും കഴിഞ്ഞു . പലപ്പോഴും അയാളുടെ പ്രണയ തീവ്രത താന്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരിഭവം പറഞ്ഞു. തന്റെ ജീവിത സാഹചര്യവും പരിമിതികളെപ്പറ്റിയും താനും ഓര്‍മ്മപ്പെടുത്തിയിരുന്നു. ആ ചെറുത്തു നില്‍പ്പിനു എപ്പോഴാണോ ഭംഗം വന്നതെന്നറിയില്ല .  ആ പരിലാളാനവുംകരുതലും കണ്ടില്ലാന്നു നടിക്കാന്‍ എന്നിലെ പെണ്‍കുട്ടിക്ക് അധികനാള്‍ കഴിഞ്ഞില്ല , വാശിക്കാരിയായ താന്നെപ്പോഴാണോ വിവേകമില്ലാത്ത വെറുമൊരു പെണ്ണായി മാറിയത്.

                       തന്റെ വ്യഥകളും ഭാവിയെപ്പറ്റിയുള്ള ഭയവും  താന്‍ കണ്ണീരോടെ പറയുമ്പോള്‍ ചുണ്ടിലൂറിയ ഒരു ചെറു ചിരിയോടെ അയാള്‍ കേട്ട് നിന്നപ്പോള്‍ തന്നെ, തനിക്കബദ്ധം പിണഞ്ഞുവൊ എന്ന് മനസ്സ് മന്ത്രിച്ചു.  തീരുമാനങ്ങളെല്ലാം അയാളുടെതായിരുന്നു . താനൊന്നും അയാളോട് ചോദിച്ചുമില്ല  തന്റെ അനുമതിക്കോ അഭിപ്രയത്തിനൊ  അയാള്‍ കാത്തു നിന്നുമില്ല .  എരിഞ്ഞടങ്ങുന്ന ഒരു സന്ധ്യുടെ ഇരുള്‍ പറക്കുന്ന നേരത്തായിരുന്നു അയാള്‍ വിലപിടിപ്പുള്ള കുറെ വസ്ത്രങ്ങളും, താലിമാലയുമായി എത്തിയത്. അനുസരിക്കയല്ലാതെ മറ്റൊരു  നിവര്‍ത്തിയുമില്ലാതെ  ഇതെല്ലാമണിഞ്ഞു അയാള്‍ക്കൊപ്പം വണ്ടിയില്‍ക്കയറുന്ന  തന്നെ നിറകണ്ണുകളുമായി നോക്കി നില്‍ക്കുന്ന അമ്മയുടെ  മുഖത്തെക്ക് നോക്കാന്‍ പേടിയായിരുന്നു . ആ മുഖത്ത് പ്രകടമായ വികാരം എന്തെന്ന് വായിച്ചെടുക്കാ  നവാതെ  കുഴങ്ങി.  അനിചിതമായ ഭാവിയെ ക്കുറിച്ചുള്ള ഉത്ഖണ്ടയോ ,അതോ കശാപ്പു ചെയ്യാനായി അഴിച്ചു കൊടുത്ത വളര്‍ത്തുമൃഗത്തോടുള്ള വൈകാരികമായ അടുപ്പമോ?

                               ചിരപരിചിതനെപ്പോലെ ആശുപത്രിയുടെ മുകളിലേക്കുള്ള പടിക്കെട്ടുകള്‍ മൂളിപ്പാടും പാട്ടുംപാടിയയാള്‍ ഓടിക്കയറുമ്പോള്‍ പിന്നാലെ അനുഗമിക്കുന്ന തന്റെ മാനസീകാവസ്ഥ എന്തെന്ന് അറിയാന്‍ പോലും താല്പ്പര്യമില്ലാതതുപോലെ.  ഒരുപക്ഷേ ചമ്മലോ പരിഭ്രമമോ ഒഴിവാക്കാനുള്ള  ഒരു മുഖം മൂടിയാവം ഈ പ്രകടനം . ഒരുമുറിയുടെ വാതുക്കലെത്തി നിലച്ചു നടത്തം. തങ്ങള്‍ക്കായി എന്തൊക്കെയോ ഒരുക്കി വെച്ചതുപോലെയയിരുന്നു ആ മുറികണ്ടാപ്പോള്‍ തോന്നിയത്. അല്‍പ്പ സമയത്തിനുള്ളില്‍ ഒരു നഴ്സ് വന്നു .  അയാളുമായുള്ള സംസാരത്തില്‍ നിന്നും അവര്‍ തമ്മില്‍ എന്തോ ബന്ധമുള്ളതായും തങ്ങള്‍ക്കു പറ്റിയ അബദ്ധം ഒഴിവാക്കാന്‍ ഇവരെ ച്മാതലപ്പെടുത്തിയിരിക്കുകയാണെന്നും.  അറുക്കാന്‍ പോകുന്നതിനു മുന്പായി എല്ലാ മൃഗങ്ങള്‍ക്കും കൊടുക്കുന്ന ഔദാര്യം പോലെ കുടിക്കാന്‍ വെള്ളവും ഭക്ഷണവും തന്നു.'സുഖ നിദ്ര ആശംസിച്ചുകൊണ്ട്' അയാളും  പടിയിറങ്ങിയപ്പോള്‍ മുറിയില്‍ ഒറ്റക്കായ തനിക്കു ആശുപത്രിയുടെ  മനംമടിപ്പിക്കുന്ന മരുന്നിന്റെ ഗന്ധവും കൂരിരുട്ടും മാത്രം ബാക്കിയായി.

                     ഏകാന്തത നമ്മെ ചിന്തിപ്പിക്കുകയും വിവേകമതികളാക്കുകയും ചെയ്യുമെന്ന് പറയുന്നത് എത്ര ശെരിയാണ്‌. എന്ത് ചെയ്യണമെന്നോരൂഹവുമില്ലാതെ എത്ര നേരമങ്ങനെ ഉറങ്ങാതെകിടന്നതെന്നറിയില്ല  മാനക്കെടില്‍ നിന്നൊഴിവാക്കാന്‍ ചെയ്യാന്‍ പോകുന്ന പാതകത്തെക്കുറിചോര്‍ത്തപ്പോള്‍  മനസിന്റെ താളം തെറ്റുന്നത് പോലെ. അമ്മയുടെ വളര്‍ത്തു ദോഷത്തെപ്പറ്റിയും അച്ഛന്റെ അഭിമാനത്തിനു വിലപറയേണ്ടി വരുന്ന അവസ്ഥയെക്കുറി ചോര്‍ക്കുമ്പോള്‍ എങ്ങിനെയും ഈ കുരിക്കില്‍നിന്നോഴിവായാല്‍ മതിയെന്ന വിചാരം . ഇന്നലെ രാത്രിയില്‍ കണ്ട  നഴ്സ്  രാവിലെ കതകില്‍ ശക്തിയായി മുട്ടുന്നതു കേട്ടാണ് ഉണര്‍ന്നത് . മാനസിക പിരിമുറുക്കം കാരണം ഭയം തോന്നിയില്ല. അമ്മയുമായല്ലാതെ ഇന്നോളം ആശുപത്രിയില്‍ വന്നിട്ടുമില്ല. ഓപ്പറേഷന്‍ തിയറ്ററിന് മുന്നില്‍ തന്റെ ആഭരണങ്ങള്‍ അവര്‍ നീട്ടിയ കൈകളില്‍ ഊരിക്കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് പ്രകടമായത് ഒരു പരിഹാസമായിരുന്നോ?

                                                ഉച്ച കഴിഞ്ഞാണ് ബോധം തെളിഞ്ഞത് ,അപ്പോഴും അവര്‍ തനിക്ക് കുടിക്കാന്‍ വെള്ളം തന്നു .താലി മാല ഒഴിച്ച് തന്റെ ആഭരണങ്ങളെല്ലാം തിരകെ തന്നു കൊണ്ട് പറഞ്ഞു
''ആണ്‍ പിള്ളാര്‍ കൈയും കലാശവുമൊക്കെ കാണിക്കുമ്പോള്‍ നമ്മള്‍ പെണ്ണുങ്ങള്‍ സൂക്ഷിക്കണം .കാശുള്ള വീട്ടിലെ ആണ്‍ പിള്ളാരൊക്കെ അങ്ങിനെയ,,എന്തായാലും പറ്റിയത് പറ്റി ,ഇനി സന്ധ്യക്ക് മുന്‍പേ സ്ഥലം വിട് ,ചെറുപ്പക്കാരികള്‍ ഈ ആശുപത്രി പരിസരത്ത് നില്‍ക്കുന്നത് അത്ര ശരിയല്ല.''

              തനിക്കായി ഏല്‍പ്പിച്ചവന്‍ പോയ ഒരു കവര്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍ അത് വാങ്ങാന്‍ അല്‍പ്പം മടികാണിച്ചു. നിര്‍ബന്ധിച്ചവരത് ഏല്‍പ്പിക്കുമ്പോള്‍ പറഞ്ഞ കുറെ വാക്കുകള്‍ തന്റെ മാനത്തിനും ശരീരത്തിനും അയാളിട്ട വിലയാണീ തുകയെന്നു തോന്നിപ്പോയി. താന്‍ അണിഞ്ഞു വന്ന വിലകൂടിയ സാരി മടക്കിയെടുത്തു അവരുടെ ബാഗിനുള്ളിലേക്ക് വച്ചുകൊണ്ട് പറഞ്ഞു
            ''ദേ എനിക്കീ ഇടപാടില്‍ കിട്ടിയ ലാഭാമാണീ സാരീ ,,അങ്ങനെ ഓരോ ഇടപാടിനും കിട്ടുമൊരു പ്രതിഫലം.'' 
          തുടര്‍ന്നവര്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. അതൊന്നും തന്നെ പോലുള്ള പെണ്‍കുട്ടിക്ക് കേള്‍ക്കാന്‍ കൊള്ളുന്നതല്ല.   വാതില്‍ ചാരി അവര്‍ പോയുടന്‍ തനിക്കും തന്റെ ശരീരത്തിനും അയാളിട്ട മൂല്യമാണീ കവറിലെ നോട്ടുകള്‍ അതൊന്നു നോക്കാമെന്ന് കരുതി .മഹാത്മാവിന്റെ മുന്തിയ മൂല്യമുള്ള ചുവന്ന നോട്ടുകള്‍ അതിനിടയില്‍ നിന്നും വഴുതിവീണ  അയാളുടെ കൈയ്യക്ഷരത്തിലെ വരികളില്‍ ഉടക്കിപ്പോയ കണ്ണുകളില്‍ക്കൂടി ഒഴുകിയിറങ്ങിയ കണ്ണീര്‍ തുടച്ചു മാറ്റുമ്പോഴും അതിലെഴുതിയ വാക്കുകളുടെ അര്‍ഥം ചികയാന്‍ ശ്രമിച്ചു.  അയാളുടെ ആവേശം കേട്ടട്ങ്ങുവോളം ,തന്റെ യവ്വനവും സൗന്ദര്യവും തീരുവോളം  തമ്മിലൊരുമിച്ചു പഴയതുപോലെ  ജീവിതമാസ്വദിച്ചു കഴിയാമെന്ന വാഗ്ദാനവും,  ഭാവിയില്‍  യാതൊരുവിധമായ ബാധ്യതകളും ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍  ഒരു ചെറു ശത്രക്രിയയിലൂടെ ഔദാര്യമായി ചെയ്തിട്ടുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

                   തന്നോട് തന്നെ വെറുപ്പും അറപ്പും തോന്നിയ നിമിഷം. സന്ധ്യ ഇരുള്‍ പരത്തി ആരുടെയൊക്കെയോ മുഖം മറക്കാന്‍ സഹായിക്കുന്നു.  പടിക്കെട്ടുകള്‍ ഇറങ്ങി താഴെയെത്തി കയ്യിലെ കുറിപ്പ് വലിച്ചുകീറി ആശുപത്രിയുടെ ഓടയില്‍ തള്ളുമ്പോള്‍ അതിലൂടെ ഒഴുകുന്ന മലിന ജലത്തില്‍ തന്റെ ഉള്ളില്‍ നിന്നും പിച്ചി ചീന്തിയ കുരുന്നു കയ്യുംകാലുകളും അതിലൂടെ ഒഴുകുന്നതായി ഒരു തോന്നല്‍.  താനിവിടെ എത്തുമ്പോള്‍ ഉണ്ടായിരുന്ന രണ്ടു കഴിവുകളും തനിക്കു എന്നേക്കുമായി നഷ്ട്ടപെട്ടിരിക്കുന്നു.  അമ്മയാകാനും .പ്രസവിക്കാനുമുള്ള അവകാശം.  

                           ഒന്നുമോര്‍ത്ത്‌ നില്‍ക്കാന്‍ നേരമില്ല.  ഇനിയുമീ ഒഴുക്കിനനുസരിച്ച് ഒഴികിയല്ലേ പറ്റൂ .എത്രയും പെട്ടെന്ന് തന്നെയും കാത്തു പടിക്കല്‍ നില്‍ക്കുന്ന അമ്മയെ കാണാനായി അവള്‍ തിടുക്കത്തില്‍ റെയില്‍വെ സ്റ്റെഷനിലേക്ക് നടന്നു. അപ്പോഴും അവളുടെ കണ്ണുകള്‍ എന്തിനെ ഓര്‍ത്താണോ നിറഞ്ഞൊഴുകിയിരുന്നു..

രക്തസാക്ഷി



അച്ഛന്റെ മാനം കാക്കുവാനും
അമ്മതന്‍ കളങ്കം മായ്ക്കുവാനും
രക്തസാക്ഷിയായതാണു ഞാന്‍ പണ്ടേ
രണത്തില്‍ തോറ്റൊരു പടയാളി പോലെ.


എനിക്കായുയര്‍ന്നില്ല സ്മാരക സ്തംഭങ്ങള്‍
എനിക്കായി ശബ്ദ്ധിച്ചില്ലൊരു കണ്ടവും,
എന്നെയോര്‍ത്താരും കണ്ണീരുതൂവിയില്ല
അനുശോചനയോഗ മൊന്നുപോലും...


ആശ്വാസ നിശ്വാസ മുതിര്‍ത്തെന്റെയമ്മ
ആതുരാലയത്തിന്‍ പടിയിറങ്ങെ,
അടര്‍ക്കളത്തില്‍ അംഗഭംഗം വന്നൊരു
അനാഥപ്രേതമായി കിടക്കുന്നു ഞാനും.


അമ്മതന്‍ ആദ്യത്തെ കണ്മണിയെങ്കിലും,
അപകുനമായൊരു ജന്മമല്ലേ ,  
ആരിരോ പാടിയെന്നെ യുറക്കാനും
അമ്മിഞ്ഞപ്പാല്‍തന്നുതഴുകുവാനും
ആഗ്രഹമില്ലാതെ പോയതെന്തേ ???


ഉടലും തലയും കൈകാലും വേര്‍പെട്ടു
ഓടയില്‍ മാലിന്യമായ് ഞാന്‍ ഒഴുകെ
ഉടയോന്‍ തന്നൊരു ജീവന്‍റെ നാളം
തച്ചുടക്കാനധികാരം നിങ്ങള്‍ക്ക് തന്നതാര് ??...

കൊന്നയായ് പിറക്കാന്‍



മേടമടുത്താല്‍ തിടുക്കമായ്‌ കൊന്നക്ക് 
മോടിയില്‍ അഭരണങ്ങളെടുത്തണിയാന്‍, 
കൊടിയുടുത്തങ്ങൊരുവാന്‍ മോഹമായ്,
പടികേറും വിഷു പൊന്‍പുലരിയില്‍.


കയാമ്പു വര്‍ണ്ണന്റെ  മുന്നിലായ് നേദിച്ച
കാണിക്കയില്‍ കൊന്നമലരായിരിക്കുമ്പോള്‍
കണ്ണുംപൊത്തിയെന്നമ്മ കണി കാണിക്കാന്‍
കണ്ണന്റെ തിരുമുന്നിലെത്തിച്ചിടും.


കൈനീട്ടമായ് കിട്ടും തുട്ടിന്റെ ഐശ്വര്യം
കാലങ്ങളോളം നില്‍ക്കുമെന്നുള്ള വിശ്വാസം 
കാലമെത്ര കഴിഞ്ഞിട്ടം മാറാതെ മാറ്റാതെ 
കാര്‍ന്നോര്‍മ്മാര്‍ കരുതലാല്‍ നല്‍കിടുന്നു.


വിടരുന്നു കൊഴിയുന്നു കണിക്കൊന്ന വീണ്ടും 
പടിയിറങ്ങിപോകുന്നു ആ നല്ല കാലം,
ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന വിഷുവും 
കണി കണ്ടുണരുന്ന കാര്‍ വര്‍ണ്ണനും. 


പീതാംബരന്റെ അരയിലായ്ചുറ്റിടും 
പട്ടിന്റെ നിറമായ്‌ പിറന്നതെന്‍ പുണ്യം 
കാണിക്കയാവാന്‍, കാല്‍ക്കല്‍ വീണടിയുവാന്‍
കഴിഞ്ഞതിലീ ജന്മം ധന്യം,  ശ്രേഷ്ട്ടം...

യാത്രാമൊഴിയുമായ്‌




                ഉച്ചയുറക്കം പതിവുള്ളതല്ല, എന്നാലും ഇന്നെന്തോ അല്‍പ്പമൊന്നു മയങ്ങി ചെറുക്കന്‍ പോയിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിടുന്നു. ഇന്നേ വരെ ഇത്രയും ദിവസം തമ്മില്‍ അകന്നു കഴിഞ്ഞിട്ടില്ല. ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം അതില്‍ ക്കൂടുതല്‍ അവനെ പിരിഞ്ഞിരിക്കാന്‍ തനിക്കാവില്ല, അതവനു നന്നായിട്ടറിയാം.  എഞ്ചിനിയര്‍ങ്ങിനു പഠിക്കാന്‍ വിട്ടപ്പോള്‍ തന്നെ പലപ്പോഴും പ്രോജക്റ്റ്,  സെമിനാര്‍ എന്നൊക്കെ പറഞ്ഞവന്‍ പോകാറുണ്ട്.  എവിടെപ്പോയാലും അപ്പപ്പോള്‍ വിളിക്കാറുള്ളതുമാണ്.  എന്നാലിപ്പോള്‍ രണ്ടു ദിവസമെന്ന് പറഞ്ഞു പോയിട്ട് ആകെ ആദ്യ ദിവസം മാത്രമൊന്നു വിളിച്ചു.  പിന്നീട് വിളി വരുന്നതും കാത്തിരുന്നു വരാഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചപ്പോള്‍ സ്വിച് ഓഫാണെന്നു കേട്ടു. കൂടെയുള്ള കൂട്ടുകാരുടെ നമ്പരുകള്‍ ഒന്നും അറിയാന്‍ പാടില്ല അതിന്റെ ആവശ്യം ഇത് വരെ വന്നിട്ടുമില്ല. എങ്കിലുംഅടുത്ത കൂട്ടുകാരന്റെ  അകലെ ഒരു വീട് തേടിപ്പിടിച്ചു ചെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവന്‍ കൂടെ പോയിട്ടില്ലായെന്നു. അപ്പോള്‍ തന്നെ ആകെ പരിഭ്രമമായി.  പഠനം കഴിഞ്ഞുടന്‍ കൂടുകാര്‍ ചേര്‍ന്ന് ബംഗ്ലൂരിലോ മറ്റോ പോകുമെന്ന് ഇടക്കൊന്നു സൂചിപ്പിച്ചിരുന്നു. എന്നാല്‍ പോകുമ്പോള്‍ എവിടെക്കെന്നു കൃത്യമായി പറഞ്ഞില്ല.
                 

                ''ഞാന്‍ പോയി വരുമ്പോള്‍ അമ്മക്കൊരു സര്‍പ്രൈസായിക്കും കേള്‍കാന്‍ കഴിയുക ''

             എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ തുറന്നു പറഞ്ഞില്ല .അപ്പോള്‍ തന്നെ മനസ്സിലൊരു വല്ലായ്മ അനുഭവപെട്ടു.  മകന്‍ തന്നില്‍ നിന്നുമെന്തോ അകലം സൂക്ഷിക്കുന്നുവോ? നിസ്സാര കാര്യങ്ങള്‍ക്കു താന്‍ പെട്ടെന്ന് സങ്കടപ്പെടുന്നുവെന്ന അഭിപ്രായം സഹപ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് മകനുമുണ്ട്.  എന്നാലും അവനുവേണ്ടി മാത്രം ജീവിച്ച തനിക്കു അവന്റെ അസാന്നിധ്യം വല്ലാത്ത വീര്‍പ്പുമുട്ടല്‍  ഉണ്ടാക്കുന്നു. അവനില്ലാത്തത് കൊണ്ട് തന്നെ അടുക്കളയില്‍ കേറാനോ  വല്ലതും വെച്ചുണ്ടാക്കനോ  ഒരു ഉണ്മെഷവുമില്ല മൂന്നാല് ദിവസ മായി പട്ടിണിയെന്നുതന്നെ പറയാം.  അതിനാല്‍ തന്നെ വലിയ ക്ഷീണം. ചെറുക്കന്‍ വിളിക്കാത്തതിന്റെ വേവലാതിയില്‍ ഊണും ഉറക്കവും അകന്നു വല്ലാത്ത ഒരു അവസ്ഥയില്‍ എത്തി
     
              ''ഈശ്വര എന്റെ കുട്ടിക്ക് എന്താ പറ്റിയേ?

ഓര്‍ക്കുമ്പോള്‍  ഇടനെഞ്ചിലൊരാളല്‍. ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് ചാടിപ്പിടച്ചു എഴുന്നേറ്റത്. മോനായിരിക്കും, നല്ലത് നാലങ്ങു പറഞ്ഞു കൊടുക്കണമെന്ന ചിന്തയോടെ ഫോണെടുത്തപ്പോള്‍ പരുക്കന്‍ സ്വരത്തിലെ ഒരു പുരുഷ ശബ്ദം 
''ശ്രീമതി ചന്ദ്രമതിയുടെ വീടല്ലേ ?
''അതെ ,,ആരാണ് ''
''ഞാന്‍ പോലീസ് സ്റെഷനീന്ന വിളിക്കുന്നെ'' 
''എന്താ സര്‍ , തന്റെ ജിജ്ഞാസയും വെപ്രാളത്തിലുമുള്ള ചോദ്യവും കേട്ടത് കൊണ്ടാകാം അങ്ങേ തലക്കല്‍ നിന്നുള്ള സ്വരത്തിനൊരു സാന്ത്വന ഭാവം. 
''പേടിക്കാനൊന്നുമില്ല, നിങ്ങളുടെ മകനെക്കുറിച്ചൊരു കാര്യം ചോദിക്കാനായിരുന്നു. 
''അയ്യോ എന്റെ മോനെന്തു പറ്റി''  അത് ചോദിക്കുമ്പോള്‍ കരച്ചില്‍  സ്വരത്തിന് ഭാവപ്പകര്‍ച്ച നല്‍കി. 
''മകന്‍ ഇപ്പോള്‍ വീട്ടിലുണ്ടോ'' 
''ഇല്ല സര്‍ അവനൊരു ഇന്റെര്‍വ്യൂവിന് പോയതാ'' 
''എന്നാലിപ്പോള്‍ ആള് ഞങ്ങളുടെ കസറ്റടിയിലുണ്ട്''
''അയ്യോ സര്‍ ,എന്റെ മോന്‍ പാവമാ, അവനെത് കുറ്റമാ ചെയ്തത്''
കരഞ്ഞു കൊണ്ടുള്ള എന്റെ ചോദ്യത്തിനു അയാള്‍ പറഞ്ഞത് വിശ്വസിക്കാനാവാതെ എല്ലാം കേട്ട് നിന്ന് ഒഴുകുന്ന കണ്ണീര്‍ കാഴ്ചകള്‍ മായ്ക്കുമ്പോഴും തലക്കുള്ളില്‍ ഒരു അഗ്നി പര്‍വ്വതം പൊട്ടിയൊഴുകി തുടങിയിരുന്നു. 
              മകന്‍ ഒരു പെണ്‍കുട്ടിയുമായി നാട് വിട്ടുവെന്നും അവളുടെ വീട്ടുകാരുടെ പരാതിയിന്മേല്‍ കണ്ടു പിടിച്ചു  ഇപ്പോള്‍ കസ്റ്റഡിയില്‍ ആണെന്നും, അവന്‍ അവളെ രജിസ്ടര്‍ വിവാഹം കഴിച്ചുവെന്നും, അതിനു സാക്ഷിയാകാനും അവനു വേണ്ടത്ര സംരക്ഷണം നല്‍കുവാനും അവന്റെ അച്ഛന്റെ ജേഷ്ട്ടനും മറ്റും അവിടെ എത്തിയിട്ടുണ്ടെന്നും,  ഇവര്‍ പറയുന്നതെല്ലാം സത്യമാണോ എന്നറിയാന്‍ തന്നെ വിളിച്ചതെന്നും, അവരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു പ്രശനം പരിഹരിക്കണമെന്നൊരു ഉപദേശവും തന്നു.  എത്രയെളുപ്പത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഉടുപ്പ് മാറുന്ന ലാഘവത്തില്‍ മറക്കണം ക്ഷമിക്കണം. അപ്പോള്‍ ഈ ദുരനുഭവങ്ങളെ നേരിടുന്നവര്‍ക്ക് മനസ്സും ചിന്തയുമൊന്നും വേണ്ടന്നോ? അവനെ ഏറ്റെടുക്കാന്‍  ബന്ധുക്കള്‍ എത്തിയിട്ടുണ്ടത്രേ? എപ്പോള്‍ മുതലാണ് ഇവന് ബന്ധുക്കള്‍ ഉണ്ടായത് അച്ഛനുപേക്ഷിച്ചു പോയ കുട്ടി വളര്‍ന്നു എഞ്ചിനിയര്‍ ആയപ്പോള്‍ എത്തിയ ബന്ധുക്കളോ? ചന്ദ്രമതിക്ക് ഓര്‍ത്തപ്പോള്‍ ദേഷ്യവും സങ്കടവും അടക്കാന്‍ കഴിയുന്നില്ല.  ഇന്നുമോര്‍ക്കുന്നു നട്ടുച്ചയ്ക്ക് എരിവെയിലില്‍ സാരിത്തലപ്പുകൊണ്ട് നിന്നെ മൂടിപ്പുതപ്പിച്ചു നിന്റെ അച്ചന്റെ തറവാട്ടു മുറ്റത്ത് ചെന്നത്.  ഒരു നേരത്തെ ആഹാരത്തിനും  നിനക്കൊരു നല്ല ജീവിതം ഉണ്ടാകുവാനും. ,നല്ലൊരു മുഖം തന്നു സ്വാഗതം ചെയ്യാന്‍ നിന്റെ അച്ചമ്മക്കുപോലും കഴിഞ്ഞോ? ഏതോ ദുശ്ശകുനം കാണുന്ന മുഖഭാവത്തോടെ പലരും പെരുമാറിയപ്പോള്‍ ഇരുട്ടുവീണ ഭാവിയുടെ വ്യഥയുമായി ഒരു തൃസന്ധ്യക്ക്‌  അമ്മ നിന്നെയും തോളിലിട്ടു നടന്നു അനിചിതത്വം മാത്രം കൂട്ടുമായ്. 

            അവസാനത്തെ കടത്തും കഴിഞ്ഞു വള്ളം കെട്ടിയിട്ടു പോകാന്‍ തിടുക്കം കൂട്ടുന്ന വള്ളക്കാരന്‍ തന്റെ നിസ്സഹായതയും കണ്ണീരും കണ്ടു വീണ്ടും വള്ളമിറക്കി അതില്‍ ഉറങ്ങിക്കിടക്കുന്ന നിന്നെ മാറോട് ചേര്‍ത്ത് എകാകിയായിരിന്നപ്പോള്‍ പലകുറിയോര്‍ത്തു  ഈ യാത്ര ഇവിടെ അവസാനിപ്പിക്കാമെന്ന്.  ഓളങ്ങള്‍ ഒഴുകിപ്പരക്കുമ്പോള്‍ അവയില്‍ തെളിഞ്ഞു മായുന്ന അവ്യക്തചിത്രങ്ങള്‍ പോലെ ഒന്നിനും വ്യക്തതയില്ലാതെ എങ്ങോട്ടെന്നറിയാത്ത ഒരു യാത്ര.  ആ കായല്‍ക്കയത്തിലേക്ക് എല്ലാ പ്രശങ്ങളും തീര്‍ക്കാന്‍ മനസ്സ് വെമ്പിയപ്പോള്‍ അമ്മക്ക് കഴിഞ്ഞില്ല താമരത്തണ്ട് പോലെ വാടിയ നിന്റെ മുഖം എന്നോടൊപ്പം ആ ഓളങ്ങളില്‍ ഇല്ലാതാക്കാന്‍. എങ്ങിനെയൊക്കെയോ തപ്പീം തടഞ്ഞും  ആത്മമിത്രമായ സൌദാമിനിയെ കണ്ടെത്തി .അവളുടെ ആഥിധേയത്വത്തില്‍ ദിനങ്ങള്‍ കടന്നു പോകുമ്പോഴും ആത്മഹത്യയെ കുറിച്ചുമാത്രമാണ്‌ ചിന്തിച്ചത്.  അവള്‍ക്കു തന്നെ കൈവിട്ടു കളയാന്‍ പറ്റാത്ത ആത്മബന്ധം താങ്ങായി എന്നിട്ടും അവള്‍ കൂടെക്കൂടെ തന്നെ ഓര്‍മ്മപെടുത്തുന്ന ഒരു കാര്യമുണ്ട്.
       ''ചന്ദ്രേ കുട്ടികളോട് എല്ലാ അമ്മമാര്‍ക്കും സ്നേഹമുണ്ട് പക്ഷെ അത് അതിര് വിടരുത് അങ്ങനെയായാല്‍ ഇവന്‍ തന്നെ ഒരിക്കല്‍ നിന്നെ തള്ളിപ്പറയും. ''
   
              അന്നത് കേട്ടപ്പോള്‍ അവളോട്‌ വല്ലാത്ത ഒരു നീരസം തോന്നി ,അത് പ്രകടിപ്പിക്കുയും ചെയ്തു. എങ്കിലും   അവളുടെ ശ്രമഫലമായി ഒരു കൊച്ചു ജോലി തരപെട്ടു. അതിലൂടെ തന്റെ മകനും മോഹവും വളരുകയായിരുന്നു വാനോളം.  അന്നൊന്നും തന്റെയോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ആരും തിരിഞ്ഞു നോക്കിയില്ല.  പഠിക്കുന്ന കുട്ടിക്ക് ഒരു പെന്‍സിലോ ഉടുപ്പോ വാങ്ങിയാരും  കൊടുത്തില്ല.  തങ്ങളത് പ്രതീക്ഷിച്ചുമില്ല. സൌദാമിനി തന്റെ  ഏകാന്തതയെ ഒഴിവാക്കാന്‍  പല വിവാഹലോച്ചനകളും കൊണ്ടുവന്നു. മകന് വേണ്ടി അവന്റെ ഭാവിക്കുവേണ്ടി താനതെല്ലാം നിരസിച്ചപ്പോഴും അവളാ പഴയ പല്ലവി തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
       
              ''അധികമായാല്‍ അമൃതും വിഷമാകുമെന്നു ,
                         ഇപ്പോഴത്‌ ?????
                 ഓ, അതൊന്നും കേള്‍ക്കുന്നത് നിനക്കിഷ്ട്ടമാല്ലല്ലോ ,എല്ലാ അമ്മമാരും പറയുന്നതല്ലേ ഇതെല്ലാം. പത്ത് മാസം ചുമന്നതും പാലൂട്ടി വളര്‍ത്തിയതും പിന്നെ മകനുവേണ്ടി ജീവിതം ഹോമിച്ചതുമെല്ലാ കേള്‍ക്കുമ്പോള്‍ തന്നെഅരോചകമാണ് മിക്കചെറുപ്പക്കാര്‍ക്കും.  ഞാനതൊന്നും ആവര്‍ത്തിക്കുന്നില്ല. എങ്കിലും എന്റെ അനുഭവങ്ങളും പിന്നിട്ട  വഴികളും ചിന്തിക്കാതെ, ഓര്‍ക്കാതെ കടന്നു പോയില്ലാ ഇന്നുവരെയുള്ള ജീവിതത്തില്‍.  
           
                          എന്നാലിപ്പോള്‍ അവനു ബന്ധുക്കള്‍ ഉണ്ടായിരിക്കുന്നു. തന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയവര്‍ നല്‍കുന്ന സ്നേഹത്തില്‍ അമ്മയുടെ കണ്ണീരിന്റെ നനവ്‌ പടര്‍ന്ന വഴികള്‍ മറന്നു പോയിരിക്കുന്നു നീ. ശരിയാണ് എന്റെ ചിറകിനടിയില്‍ കഴുകനും കാക്കകളും കൊണ്ട് പോകാതെ സൂക്ഷിച്ച എന്റെ വിലപ്പെട്ട നിധിയായ നീ വളര്‍ന്നതും പുരുഷനായതും സ്വാര്‍ത്ഥത നിന്നെ പോതിഞ്ഞതുമൊന്നും അമ്മ  അറിയാതെ പോയി.  ഇന്നലെ വരെ കഴിഞ്ഞത് പോലെ ഇനിയീ  വീട്ടില്‍ നമുക്ക് ഒന്നിച്ചു കഴിയാനാകുമോ?  എന്തായാലും എനിക്കാവില്ല. നമ്മള്‍ക്കിടയില്‍ ഒരാള്‍ വരണമെന്നതും നിങ്ങളുടെ മക്കളോടുകൂടി  കഴിയണമെന്നും ആഗ്രഹമുണ്ടായിരുന്നു.  ആസ്വപ്നത്തിനു ഞാന്‍ കൊടുത്തൊരു നിറച്ചാര്‍ത്തും രൂപഭംഗിയുമുണ്ടായിരുന്നു. നീ സ്വയം വരച്ച ചിത്രം അമ്മയുടെ കണ്ണ്കള്‍ക്ക് ഇമ്പം പകരുന്നില്ല. ചിതറിയ കളിപ്പാട്ടവുമായി ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങും മനസ്സുമായി   അമ്മ പോകുന്നു. ഒളിച്ചോട്ടമോ ആത്മഹത്യയോ അല്ല. ഒരു തീര്‍ഥയാത്ര. ഒരുപാട് നാളായി മനസ്സ് മോഹിച്ചത്. സ്വന്തമായോന്നു ജീവിക്കാന്‍. 
   
                  ചന്ദ്രമതി കട്ടിലില്‍ നിന്നെഴുനേറ്റു.  നിലവിളക്കെടുത്ത് കഴുകി വൃത്തിയാക്കി. നിറയെ എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ചു.  അതിന്‍ മുന്നിലിരുന്നു കൊണ്ട് മകന് നല്ല ഭാവിക്കായി പ്രാര്‍ത്ഥിച്ചു.  അസ്തമയത്തോട് അടുക്കുന്ന പ്രാഭാവം നഷ്ട്ടപെട്ട വെയിലാണ്  അമ്മ. ഇനി മുന്നോട്ടുള്ള യാത്രയില്‍ നിനക്ക് വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരു തടസ്സമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  ഉദയ സൂര്യനായ നിന്നോടൊപ്പമെത്താന്‍ അമ്മക്കിനി കഴിയില്ല. അതിനാല്‍ ഈ കത്തിച്ചു വെച്ച വിളക്കാണ്‌ അമ്മ. അത് കെടാതെ നിനക്ക് വേണേല്‍ നോക്കാം. താരാട്ടു പാടിയുറക്കിയ രാവുകളില്‍ നിന്റെ ചെവിയിലമ്മ ചൊല്ലിയ കാര്യങ്ങള്‍ ഓര്‍ക്കാനാകുമെങ്കില്‍, എന്നുമമ്മ  ആശിച്ചപോലെ, പ്രാര്‍ഥിച്ച പോലെ പറയാനുള്ളത് ഒന്നുമാത്രം.
                ''നിനക്കെന്നും നന്മകള്‍ ഉണ്ടാകട്ടെ '' 
         

Adz